മുഖ്യമന്ത്രി വീണ്ടും പറയുന്നു, ഏഴ് വര്‍ഷം കൊണ്ട് കിട്ടാനുള്ളത്1.075 ലക്ഷം കോടിയെന്ന്, ഇത് ശരിയോ?

Articles

ധനവര്‍ത്തമാനം / ജോസ് സെബാസ്റ്റ്യന്‍

നവകേരള സദസ്സ് തലസ്ഥാനത്ത് സമാപിച്ചപ്പോള്‍ കേരള മുഖ്യമന്ത്രിക്ക് ജനങ്ങളോട് പറയാനുള്ളത് ഇതാണ്, തന്റെ ഏഴ് വര്‍ഷത്തെ ഭരണത്തിനിടെ സംസ്ഥാനത്തിന് കേന്ദ്രം തരാണുള്ളത് 1.075 ലക്ഷം കോടി രൂപ.

ഞാന്‍ ഒന്ന് ചോദിക്കട്ടെ. ഈ വെളിപാട് മുഖ്യമന്ത്രിക്ക് ഉണ്ടായത് ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരു വിളിവന്നപോലെ ഏഴ് വര്‍ഷം കഴിയുമ്പോള്‍ ആണൊ? ഇത്രയും കാലം ഇതിയാന്‍ എവിടെ ആയിരുന്നു.? ഇത് സത്യമാണെങ്കില്‍ ഇദ്ദേഹം ഇവിടെ നവ കേരള സദസ്സ് നടത്തി സമയം കളയുന്നതിനു പകരം ഡല്‍ഹിയില്‍ പോയി സത്യാഗ്രഹം ഇരിക്കുകയല്ലേ വേണ്ടത്?

കേരളത്തിന് മാത്രമേ കിട്ടാനുള്ളോ അതോ മറ്റ് സംസ്ഥാനങ്ങള്‍ക്കും ഉണ്ടോ? മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തിന് ഇത്ര കിട്ടാനുണ്ടെങ്കില്‍ 22 കോടി ജനങ്ങള്‍ ഉള്ള ഉത്തര്‍ പ്രദേശിന് എത്ര ഉണ്ടാകും? ഇങ്ങനെ 31 സംസ്ഥാനങ്ങള്‍ക്കും കൊടുക്കണമെങ്കില്‍ ഇന്ത്യ വില്‍ക്കേണ്ടി വരില്ലേ? കേന്ദ്രത്തിന് മുന്‍പില്‍ കൈ നീട്ടാന്‍ അല്ലാതെ യാതൊരു അധികാരവും ഇല്ലാത്ത നിഷ്ഗുണന്‍മാര്‍ ആണൊ ഈ സംസ്ഥാനങ്ങള്‍?

വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞതുപോലെ ഉള്ള ഈ പറച്ചിലുകള്‍ 100% സാക്ഷരരും രാഷ്ട്രീയ പ്രബുദ്ധരുമായ കേരളീയര്‍ വിശ്വസിക്കണം എന്നാണോ? കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ളത് പറയാം. അത് അക്കമിട്ട് യുക്തിസഹമായി പറയണം. ഇതെല്ലാം കോടികള്‍ മുടക്കി നവ കേരള സദസ്സ് നടത്തിയതിന്റെ ബാക്കിപത്രം, അല്ലാതെ മറ്റെന്ത്?