കാമുകിക്ക് വേറെ ബന്ധമുണ്ടെന്ന സംശയത്തില്‍ ട്രാന്‍സ് മാനായ വെട്രിമാരന്‍ 24കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച് തീ കൊളുത്തി കൊന്നു

Crime

ചെന്നൈ: കാമുകിക്ക് വേറെ ബന്ധമുണ്ടെന്ന സംശയത്തില്‍ ട്രാന്‍സ്മാനായ വെട്രിമാരന്‍ 24കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച് തീ കൊളുത്തി കൊന്നു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ആര്‍ നന്ദിനിയാണ് കൊല്ലപ്പെട്ടത്. ചെന്നൈയ്ക്ക് സമീപമുള്ള തലമ്പൂരിലാണ് സംഭവം. സംഭവത്തില്‍ നന്ദിനിയോടൊപ്പം ജോലി ചെയ്തിരുന്ന ട്രാന്‍സ് മാനായ വെട്രിമാരന്‍ അറസ്റ്റിലായിട്ടുണ്ട്.

മധുര സ്വദേശിനിയായ നന്ദിനി കഴിഞ്ഞ എട്ടുമാസമായി ട്രാന്‍സ്മാന്‍ വെട്രിമാരനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇരുവരും ഒരേ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. നന്ദിനിയെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് വെട്രിമാരന്‍ ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. പാണ്ഡ്യ മഹേശ്വരി എന്നായിരുന്നു പേര്. ഇത് മാറ്റിയാണ് വെട്രിമാരന്‍ എന്നാക്കിയത്.

നന്ദിനിയെ വിവാഹം കഴിക്കുന്നതിന് വേണ്ടി പ്രതി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തി, പേര് മാറ്റിയതായി പൊലീസ് പറയുന്നു. താനുമായുള്ള ബന്ധം അവസാനിപ്പിച്ച് മറ്റു ചിലരുമായി നന്ദിനി സൗഹൃദം സ്ഥാപിക്കുന്നതായുള്ള സംശയമാണ് പ്രതി വെട്രിമാരന്റെ പ്രകോപനത്തിനുള്ള കാരണമെന്നും പൊലീസ് പറയുന്നു.

നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തിലും കൈകാലുകളിലും ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.