മേജര്‍ രവി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍, സി രഘുനാഥ് ദേശീയ കൗണ്‍സിലിലേക്ക്

Thiruvananthapuram

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനാകും. കണ്ണൂരില്‍ നിന്നുള്ള നേതാവ് സി. രഘുനാഥ് ദേശീയ കൗണ്‍സിലിലേക്കും എത്തും. ഇരുവരെയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് നാമനിര്‍ദ്ദേശം ചെയ്തത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സി.രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഡല്‍ഹിയില്‍ വെച്ച് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് അംഗത്വം നല്‍കി ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്നു സി.രഘുനാഥ്. ഡി സി സി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കഴിഞ്ഞയാഴ്ചയാണ് പാര്‍ട്ടി വിട്ടത്.

കുരുക്ഷേത്ര, കീര്‍ത്തിചക്ര, കര്‍മയോദ്ധ, കാണ്ഡഹാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മേജര്‍ രവി നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളിലും സജീവമാണ് മേജര്‍ രവി.