മദ്യപിച്ച് തല്ലുണ്ടാക്കുന്നത് റസീനയുടെ ഹോബി; ഇത്തവണ കളി പിഴച്ചു

Kannur

തലശേരി: മദ്യപിച്ച് തല്ലുണ്ടാക്കുന്നതും ഗുണ്ടായിസം കാണിക്കുന്നതും റസീനയുടെ ഹോബി. പലപ്പോഴും മദ്യലഹരിയില്‍ നഗരത്തെ വിറപ്പിക്കുക പതിവാണ്. തിങ്കളാഴ്ച്ച രാത്രി തലശേരി കീഴന്തി മുക്കില്‍ മദ്യപിച്ച് അഴിഞ്ഞാടുകയും നാട്ടുകാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഇത്തവണ കളി പാളിയതോടെയാണ് അകത്തായത്. സംഭവത്തില്‍ വടക്കുമ്പാട് കല്യാണം വീട്ടില്‍ റസീനയെ തലശേരി എസ് ഐ വി.വി ദീപ്തി അറസ്റ്റ് ചെയ്തു.

മദ്യപാനത്തിനിടെ സുഹൃത്തുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവതി പരാക്രമം തുടങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐയ്ക്കു നേരെയും പരാക്രമം നടത്തിയത്.

കൂളിബസാര്‍ സ്വദേശിയായ റസീന ഇന്നലെ രാത്രിയാണ് മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതും മറ്റ് വാഹനങ്ങളില്‍ ഇടുപ്പിച്ചതും. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് റസീന റോഡിലിറങ്ങി നാട്ടുകാരെ തെറിവിളിക്കുകയായിരുന്നു. ചിലരെ ചവിട്ടാനും മര്‍ദിക്കാനും ശ്രമിച്ചു. യുവതി നാട്ടുകാരിലൊരാളെ ചവിട്ടുന്നതും അയാള്‍ തിരിച്ച് ഉപദ്രവിക്കുന്നതും പൊലീസുകാര്‍ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ കാണാം.

മദ്യലഹരിയില്‍ എസ്‌ഐയെ മര്‍ദിച്ച റസീന മുന്‍പും സമാന അക്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അറസ്റ്റ് ചെയ്ത യുവതിയെ വൈദ്യ പരിശോധനക്കിടയിലും പോലീസ് കൃത്യനിര്‍വ്വഹണം തടസ്സപെടുത്തി. ഇതിന് മുമ്പ് ഈ യുവതി മദ്യപിച്ച് വാഹനത്തിലെത്തി പരാക്രമം നടത്തുന്നത് നിത്യ സംഭവമായിട്ടുണ്ട്. വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതി സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.