യുവതിയുടെ ആത്മഹത്യ; ഭര്‍തൃമാതാവിന്‍റെ മാനസിക പീഡനമെന്ന് പരാതി

Thiruvananthapuram

തിരുവനന്തപുരം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് ഷഹനയുടെ വീട്ടുകാരുള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭര്‍ത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹനയുടെ ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ പരാതി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് പീഡനത്തില്‍ മനം നൊന്ത് ജീവനൊടുക്കിയത്. സംഭവത്തില്‍ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹനയുടെ മരണം. ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങലെ തുടര്‍ന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ ഭര്‍തൃവീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു.

എന്നാല്‍ ഷഹന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നൗഫല്‍, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയില്‍ കയറി കതകടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.