നെയ്യാറ്റിൻകര: വെള്ളറട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രാമശബ്ദം സാഹിത്യ കൂട്ടായ്മയുടെ 8മത് വാർഷികമായ ഗ്രാമസാംസ്കാരികോത്സവം നവംബർ 27 മുതൽ 30 വരെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ വച്ച് സംഘടിപ്പിക്കും. ഗ്രാമശബ്ദം സാഹിത്യ സാംസ്കാരിക ഭാഷാപഠന ഗവേഷണ സംഘത്തിന്റെ രണ്ടാമത് സാഹിത്യ പുരസ്‌കാരങ്ങൾ സി.കെ.ഹരീന്ദ്രൻ എംഎൽഎ പ്രഖ്യാപിച്ചു.
ഗ്രാമീണ സാഹിത്യ പുരസ്‌കാരം സാഹിത്യകാരൻ ഡോ. ബിജു ബാലകൃഷ്ണൻ,
ശ്രേഷ്ഠഭാഷാ പുരസ്‌കാരം രചന വേലപ്പൻനായർ, ഗുരുശ്രേഷ്ഠ പുരസ്‌കാരം
പ്രൊ.ജഗന്നാഥൻ നായർ, കലാസാംസ്കാരിക പുരസ്‌കാരം കലാമണ്ഡലം രജിത.ജി. വിജയൻ, യുവസാഹിത്യ പുരസ്‌കാരം സനൽ ഡാലുംമുഖം, ജനസേവ പുരസ്‌കാരം
എം.സെയ്ദലി, ദൃശ്യമാധ്യമ പുരസ്‌കാരം സജിലാൽ നായർ, മലയാളനാടക പുരസ്കാരം
നെയ്യാറ്റിൻകര വിജയൻ എന്നിവർക്ക് സമ്മാനിക്കും.

സാഹിത്യകാരൻ സനൽ പുകിലൂർ അദ്ധ്യക്ഷനായ സമിതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്. ഗ്രാമശബ്ദം വാർഷിക സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം സി.കെ.ഹരീന്ദ്രൻ എംഎൽഎ, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ എസ് നവനീത് കുമാറിന് നൽകി പ്രകാശനം ചെയ്തു. ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ലാവിള, ഗ്രാമപഞ്ചായത്ത് അംഗവും സംഘാടക സമിതി ജനറൽ കൺവീനറുമായ എൽ. ബിന്ദുബാല, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ സുരേഷ് കുമാർ, രാജൻ ജി എന്നിവർ നെയ്യാറ്റിൻകര പ്രസ്സ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
നവംബർ 27 ന് ധനുവച്ചപുരത്ത് നടക്കുന്ന ഗ്രാമസാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പുരസ്‌കാര വിതരണവും സംസ്‍കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും സംസ്ഥാന രജിസ്ട്രഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും.
സി കെ ഹരീന്ദ്രൻ എം. എൽ. എ അദ്ധ്യക്ഷത വഹിക്കും. കലാകാരൻമാർക്ക് അനുമോദനവും സഹായ വിതരണവും കെ. ആൻസലൻ എം. എൽ. എ നിർവ്വഹിക്കും.
28 ന് ഗ്രാമീണ കലാകാരൻമാർ അവതരിപ്പിക്കുന്ന ‘നാട്ടരങ്ങ്, ‘ 29ന് സർഗ്ഗോത്സവം,
30 ന് സമാപന സമ്മേളനം അനുമോദന സദസ്സ്. സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. സംസ്കാരികോത്സവത്തിന്റെ ഭാഗമായി കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തിൽ വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.