ഉദ്വേഗമുയര്‍ത്തി നേവിയുടെ ഹെലികോപ്റ്റര്‍ രക്ഷാദൗത്യം

Kozhikode

കോളിക്കോട്: കൗതുകവും ഉദ്വേഗവും വാനോളമുയര്‍ത്തി നേവിയുടെ ഹെലികോപ്റ്റര്‍ രക്ഷാദൗത്യം പ്രദര്‍ശനം ബേപ്പൂരിലെത്തിയ സഞ്ചാരികള്‍ക്ക് നവ്യാനുഭവമായി. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് നേവിയുടെ ഹെലികോപ്റ്റര്‍ രക്ഷാദൗത്യം ബേപ്പൂര്‍ ബ്രേക്ക് വാട്ടറിന് മുകളിലായി നടത്തിയത്.

ആകാശത്ത് വട്ടമിട്ട് പറന്ന ഹെലിക്കോപ്റ്റര്‍ ബ്രേക്ക് വാട്ടറിന് മുകളില്‍ അമ്പതടിയോളം ഉയരത്തില്‍ നിലയുറപ്പിച്ച ശേഷമായിരുന്നു അഭ്യാസ പ്രകടനം കാഴ്ച്ചവെച്ചത്. ഹെലികോപ്റ്ററില്‍ നിന്ന് കയര്‍ വഴി നേവി ഉദ്യോഗസ്ഥന്‍ അമ്പതടിയോളം താഴേക്ക് ഇറങ്ങുകയും മുകളിലേക്ക് വലിച്ച് കയറ്റുന്നതുമായിരുന്നു പ്രദര്‍ശനം. അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തുന്ന രക്ഷാപ്രവര്‍ത്തന മാതൃക ഫെസ്റ്റിന് എത്തിയ കാണികളെ അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു.

നേവിയുടെ പ്രകടനത്തെ കാണികള്‍ ഒന്നടങ്കം കയ്യടിച്ചു അഭിനന്ദിച്ചു. പ്രോത്സാഹനത്തിന് നന്ദി പറഞ്ഞ് നേവി ഉദ്യോഗസ്ഥന്‍ കാണികളെയും അഭിവാദ്യം ചെയ്തു. കൊച്ചിയില്‍ നിന്നെത്തിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററാണ് രക്ഷാദൗത്യ പ്രകടനം നടത്തിയത്.

കടലിലും കായലിലും ബോട്ടുകളും വള്ളങ്ങളും മറ്റും അപകടത്തില്‍പ്പെടുമ്പോഴും വെള്ളപ്പൊക്കത്തില്‍ അകപ്പെടുമ്പോളും നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ മാതൃക കൂടിയായിരുന്നു ബേപ്പൂരില്‍ വ്യാഴാഴ്ച കാണാന്‍ സാധിച്ചത്.