നല്ല കവികളും വളരെ മികച്ച ഏതാനും കവികളുമുണ്ട്, ഭാഷയില്‍ പണിയെടുക്കുന്ന ആശാരിമാരാണവര്‍, ഇരുമ്പു പണിക്കാര്‍

Articles

നിരീക്ഷണം / എസ് ജോസഫ്

ശീലിച്ചു വന്ന പലകാര്യങ്ങളും നാം മാറ്റാറുണ്ട്. ചെറുപ്പത്തില്‍ തണുപ്പു കാലത്ത് രാവിലെ അടുപ്പിന്റെ മൂട്ടില്‍ ഇരിക്കുന്ന ശീലം. വെയില്‍ കായുന്ന ശീലം. രാവിലെ 10 മണി വരെ ഉറങ്ങുന്ന ശീലം. കൈ കഴുകിയിട്ട് കുടയുന്ന ശീലം , പഴങ്കഞ്ഞി മോരൊഴിച്ച് കാന്താരിയോ കര്‍ണം പൊട്ടിമുളകോ കൂട്ടി ഉപ്പൊഴിച്ച് കഴിക്കുന്ന ശീലം. ( ഇപ്പോഴത്തെ അരിയുടെ ചോറ് കഴിച്ചാല്‍ ചിലപ്പോള്‍ ഛര്‍ദ്ദിച്ചെന്നിരിക്കും ) ജീന്‍സ് അലക്കാതെ കുറേ നാള്‍ ഉപയോഗിക്കുന്ന ശീലം. വാക്കുപാലിക്കാത്ത ശീലം. ആഹാരം കഴിച്ചിട്ട് സ്വന്തം പാത്രം കഴുകാത്ത ശീലം. രണ്ടു നേരം കുളിക്കാത്ത ശീലം. ഫോണ്‍ വിളിച്ചു കൊണ്ട് വഴിയേ നടക്കുന്ന ശീലം. വളവില്‍ ഓവര്‍ ടേക്ക് ചെയ്യുന്ന ശീലം. നമുക്ക് എത്ര ഇഷ്ടപ്പെട്ടതാണെങ്കിലും ശീലങ്ങള്‍ കാലാനുസൃതം മാറ്റേണ്ടതുണ്ട്.

നാടോടി സ്വഭാവങ്ങള്‍ നമ്മെക്കാളും ഉണ്ടെങ്കിലും താളവും ഈണവും നൃത്തവും ഒക്കെ ജീവിത രീതിയുടെ ഭാഗമാണെങ്കിലും തമിഴര്‍ ഗദ്യത്തിലാണ് കവിതകള്‍ എഴുതുന്നത്. ഇന്ത്യയില്‍ എല്ലാവരും. സച്ചിമാഷിന്റെ ഗദ്യകവിതകളാണ് അദ്ദേഹത്തെ ഒരിന്ത്യന്‍ / ലോക കവിയാക്കുന്നത്. മലയാളികള്‍ ആകട്ടെ പദ്യത്തില്‍ പൊട്ടക്കവിതകള്‍ എഴുതി പാടുന്ന വരെ മഹാകവികളാക്കുന്നു. ആ ശീലം മാറ്റാന്‍ മലയാളികള്‍ക്ക് ആവുന്നില്ല. ഗദ്യത്തിലെ കവിതകള്‍ ആണ് പെണ്‍ , ദളിത് , ആദിവാസി , ട്രാന്‍സ് ജെന്റര്‍ ആദി കവികളെയെല്ലാം സൃഷ്ടിച്ചതെന്ന കാര്യം നിങ്ങള്‍ മറന്നു പോകുന്നു. വലിയ ഒരു സൃഷ്ടിപരമായ മാറ്റത്തെയാണ് കണ്ണടച്ചിരുട്ടാക്കുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ അധികമായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ കവിതകളില്‍ ഉണ്ടായത്. എത്ര പേരെയാണ് അത് കവികളാക്കിയത്. ഇതില്‍ കവിത്വമില്ലാത്തവരും കൃത്രിമ കവിതകള്‍ എഴുതുന്നവരും കള്ളനാണയങ്ങളും ഉണ്ട്. പക്ഷേ നല്ല കവികളും വളരെ മികച്ച ഏതാനും കവികളുമുണ്ട്. ഭാഷയില്‍ പണിയെടുക്കുന്ന ആശാരിമാരാണവര്‍ . ഇരുമ്പുപണിക്കാര്‍ . ഗദ്യസാഹിത്യത്തിന്റെ കാര്യത്തില്‍ നോവലും ചെറുകഥകളും പദ്യത്തിലെഴുതണമെന്ന് ആരും പറയുന്നില്ല.

ഒരാള്‍ എന്നോട് പറഞ്ഞത് മലയാളിസമൂഹം ആധുനികത പോലും കടന്നിട്ടില്ലെന്നാണ്. കവിത പാട്ടല്ല എന്ന് മനസിലാക്കണം. അത് ഇന്ത്യന്‍ സമൂഹത്തില്‍ മലയാളിയെ പുറകിലാക്കുന്നു. പദ്യത്തിലോ ശ്ലോകത്തിലോ കവിത എഴുതിക്കോളൂ . ഞാന്‍ എല്ലാതരത്തിലും എഴുതാറുണ്ട്. പക്ഷേ കവിതയിലെ ഗദ്യത്തെ മനസിലാക്കണം. അതൊരു വലിയ സാധ്യതയാണ് .