തിരുവനന്തപുരം: വയോധികയെ അധ്യാപികയായ മകള്‍ ക്രൂരമായി പീഡിപ്പിച്ചു. 80 വയസിലേറെ പ്രായമുള്ള അമ്മയെയാണ് അധ്യാപികയായ മകള്‍ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. ചാക്കയിലാണ് സംഭവം. മുത്തശ്ശിയെ തന്റെ അമ്മ നിരന്തരമായി നിലത്തിട്ട് മര്‍ദിക്കുകയും വലിച്ചിഴക്കുകയും ചൂടുവെള്ള മൊഴിക്കുകയും ചെയ്യുന്നത് കണ്ട് ചെറുമകളാണ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് ചെറുമകള്‍ പൊലീസിന് പരാതി നല്‍കിയത്.
പേട്ട പൊലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്. വയോധികയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. വര്‍ഷങ്ങളായി വയോധിക മകളുടെ പീഡനം നേരിടുന്നുണ്ട്. സ്‌ട്രോക്ക് വന്നിട്ടും തന്റെ മുത്തശ്ശിക്ക് വേണ്ട ചികിത്സയോ മരുന്നോ ഒന്നു തന്നെ നല്‍കിയിട്ടില്ലെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
പേരക്കുട്ടിയും അധ്യാപികയുടെ മകളുമായ പരാതിക്കാരി വിദേശത്തായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവര്‍ നാട്ടിലെത്തിയത്. അന്ന് മുതല്‍ അമ്മ മുത്തശ്ശിയെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു. പെണ്‍കുട്ടി വിലക്കിയിട്ടും അധ്യാപികയായ സ്ത്രീ പീഡനം തുടര്‍ന്നു. ഉപദ്രവം തടയാന്‍ ശ്രമിച്ചപ്പോള്‍ വീട് വിട്ട് പോകാനാണ് പെണ്‍കുട്ടിയോട് അധ്യാപിക പറഞ്ഞതെന്നും നിലവില്‍ പരാതിക്കാരി മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.