മുജാഹിദ് സംസ്ഥാന സമ്മേളനം; കണ്ണൂര്‍ ജില്ലാ മാനവികതാ സന്ദേശ യാത്ര ചൊവ്വാഴ്ച തുടങ്ങും

Kannur

കണ്ണൂര്‍: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് 10ാം സംസ്ഥാന സമ്മേളനത്തിന്റെ കണ്ണൂര്‍ ജില്ലാ മാനവികതാ സന്ദേശ യാത്ര നാളെ ചൊവ്വാഴ്ച തുടങ്ങും. 12 ദിവസം നടക്കുന്ന യാത്ര രാവിലെ 9ന് കണ്ണൂര്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ഉദ്ഘാടനം ചെയ്യും.

കെ.എന്‍.എം മാര്‍ക്കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ധീന്‍ പാലക്കോട്, ജില്ലാ പ്രസിഡണ്ട് സി.സി ശകീര്‍ ഫാറൂഖി, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് സഅദ് ഇരിക്കൂര്‍, എം.ജി.എം ജില്ലാ സെക്രട്ടറി കെ.പി ഹസീന,എം എസ് എം ജില്ലാ പ്രസിഡന്റ് ബാസിത്ത് തളിപ്പറമ്പ് ,ഐ.ജി.എം ജില്ലാ സെക്രട്ടറി ഷാന ഏഴോം എന്നിവര്‍ സംബന്ധിക്കും

ജില്ലയിലെ തെരഞ്ഞെടുത്ത നൂറോളം കേന്ദ്രങ്ങളിലുളള പതിനായിരം പേരിലേക്ക് സമ്മേളന സന്ദേശവും സ്‌നേഹ സന്ദേശവുമെത്തിക്കും. സമാപനം 13ന് വൈകുന്നേരം 6ന് കടവത്തൂര്‍ ടൗണില്‍ നടക്കും. സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

സംസ്ഥാന സമ്മേളനത്തില്‍ ഒരു ലക്ഷം സ്ഥിരം പ്രതിനിധികളടക്കം അഞ്ച് ലക്ഷത്തോളം പേര്‍ പങ്കെടുക്കും. പ്രാര്‍ത്ഥന നിര്‍വഹിക്കാനും പ്രാഥമികാവശ്യങ്ങള്‍ക്കുമായി വിപുലമായ സജ്ജീകരണങ്ങളാണു ഏര്‍പ്പെടുത്തുന്നത്. വിശാലമായ പന്തല്‍ നിര്‍മ്മാണം തുടങ്ങി കഴിഞ്ഞു. മെയിന്‍ പന്തലിന് പുറമെ വിവിധ സെഷനുകള്‍ക്ക് അഞ്ച് പ്രത്യേക ഓഡിറ്റോറിയങ്ങളും ഒരുക്കുന്നുണ്ട്

ജനുവരി 19 മുതല്‍ 26 വരെ അസ്‌ട്രോണമി, മെഡിക്കല്‍, ബോട്ടണി, ഓഷനോഗ്രാഫി, വിഷന്‍, ആന്റി ഡ്രഗ് എക്‌സ്‌പോ, ഇസ്ലാമിക് കോണ്‍ട്രിബ്യുഷന്‍, ലൈഫ് ഓഫ് പ്രോഫെറ്റ്,വേദ ദര്‍ശനം, ഹാപ്പിനസ്സ് തുടങ്ങി10 സെഷനുകളിലായി ‘ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍ എയര്‍, കണ്ടീഷന്റ് ജര്‍മന്‍ പന്തലില്‍ ഒരുക്കുന്നുണ്ട്. 10 ദിവസത്തെ കാര്‍ഷിക മേളയും കുട്ടികള്‍ക്കായി കൗതുക കാഴ്ചകളും സമ്മാനങ്ങളുമായി കിഡ്‌സ് പവലിയനുമുണ്ട്.