ഐ ലവ് യൂ മെസേജും മൂന്നാറിലേക്ക് ക്ഷണവും, പാര്‍ട്ടി അനുമതി നല്‍കിയിട്ടും സ്വപ്നക്കെതിരെ കേസ് നല്‍കാതെ സി പി എം നേതാക്കള്‍

Kerala

തിരുവനന്തപുരം: പാര്‍ട്ടി അനുമതി നല്‍കിയിട്ടും സ്വപ്നക്കെതിരെ കേസ് നല്‍കാന്‍ മടിച്ച് സി പി എം നേതാക്കള്‍. സി പി എം നേതാക്കള്‍ക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളായിരുന്നു സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നത്. ഇതിനെതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടി ഇതിന് അനുമതിയും നല്‍കി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസ് നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് സി പി എം നേതാക്കളായ മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കും മുന്‍ സ്പീക്കര്‍ പി .ശ്രീരാമകൃഷ്ണനും.

ഇവരില്‍ ആരും ഇതുവരെ ഒരു വക്കീല്‍ നോട്ടിസ് പോലും അയച്ചിട്ടില്ലെന്നാണ് വാര്‍ത്ത. മൂന്നുപേര്‍ക്കും സ്വപ്നക്കെതിരായ നിയമനടപടിക്ക് അനുമതി നല്‍കിയ വിവരം പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ മോശമായി പെരുമാറിയെന്നായിരുന്നു സ്വപ്ന ആരോപിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും ഗുരുതര ആരോപണങ്ങളും സ്വപ്ന ഉന്നയിച്ചു. അനധികൃത സ്വത്ത് സമ്പാദനവും ദുരൂഹമായ ഇടപാടുകളും ഉള്‍പ്പെടെയാണ് സ്വപ്ന ആവര്‍ത്തിച്ച് ആരോപിച്ചിരുന്നത്.

സ്വപ്ന കോടതിയില്‍ കൊടുത്ത 2 രഹസ്യ മൊഴികളിലും ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും തെളിവുകളെല്ലാം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു നേരത്തേ തന്നെ കൈമാറിയെന്നുമാണു പറഞ്ഞിരുന്നത്. സ്വപ്ന തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ആവശ്യമായ തെളിവുകള്‍ ഹാജരാക്കാമെന്നും വ്യക്തമാക്കിയിരുന്നു. കേസ് കൊടുത്തില്ലെങ്കില്‍ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിനു തുല്യമാണെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നെങ്കിലും വെല്ലുവിളി ഏറ്റെടുക്കാന്‍ നേതാക്കളാരും ഇതുവരെയും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.

കൊച്ചിയില്‍ വച്ച് കടകംപള്ളി സുരേന്ദ്രന്‍ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായുമായിരുന്നു സ്വപ്ന വെളിപ്പെടുത്തിയിരുന്നത്. സ്വപ്ന മൂന്ന് മുതിര്‍ന്ന സി പി എം നേതാക്കള്‍ക്കെതിരെ 2022 ഒക്ടോബറിലായിരുന്നു ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. കടകംപള്ളി സുരേന്ദ്രനെതിരെയായിരുന്നു ഏറ്റവും രൂക്ഷമായ പരാമര്‍ശങ്ങള്‍. അദ്ദേഹം മോശമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മാനനഷ്ട കേസില്‍ നിന്നും സി പി എം നേതാക്കള്‍ വിട്ടുനില്‍ക്കുന്നത് സ്വപ്നയുടെ ആരോപണം ശരിവെക്കുന്നതാണെന്ന ചര്‍ച്ചയും ഉയരുന്നുണ്ട്.

‘ഒരു രാഷ്ട്രീയക്കാരനാകാന്‍ പോലും കടകംപള്ളിക്ക് അര്‍ഹതയില്ല. ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണില്‍ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലില്‍ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിര്‍ബന്ധിച്ചു. സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകള്‍ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയില്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാന്‍ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

ശിവശങ്കറിന് ഇക്കാര്യങ്ങള്‍ എല്ലാം അറിയാമായിരുന്നുവെന്നും സ്വപ്ന പറഞ്ഞിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. ഇതിനെല്ലാം തെളിവുണ്ടെന്നും അത് ഇഡിക്ക് കൈമാറിയതായും വിശദീകരിച്ച സ്വപ്ന പറയുന്നത് ശരിയല്ലെന്നാണെങ്കില്‍ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് സംസാരിക്കാന്‍ തയ്യാറാകട്ടെയെന്നും വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയെ പോലെയാണ് തന്നോട് പെരുമാറിയിട്ടുള്ളതെന്നായിരുന്നു സ്വപ്ന പറഞ്ഞത്. ‘കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുന്‍ സ്പീക്കര്‍. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താന്‍ ആവശ്യപ്പെട്ടു. ഇത്തരം ‘ഫ്രസ്‌ട്രേഷനുകളുള്ളയാളാണ്’ ശ്രിരാമകൃഷണനുമെന്നും സ്വപ്ന സുരേഷ് അന്ന് പറഞ്ഞിരുന്നു. തോമസ് ഐസക്കും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ നേരിട്ട് പറഞ്ഞിരുന്നില്ല. ഒരിക്കല്‍ മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാര്‍ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. സൂചനകള്‍ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന പറഞ്ഞിരുന്നു.

ആരോപണങ്ങള്‍ ശരിയല്ലെന്ന് ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സ്വപ്ന പുറത്തുവിട്ടതോടെ തുടര്‍ മറുപടിയുണ്ടായില്ല. ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് പാര്‍ട്ടി അനുമതി വേണമെന്നായിരുന്നു പാര്‍ട്ടിയുടെ ഉന്നത ഘടകങ്ങളില്‍ ഉള്‍പ്പെട്ട ഈ നേതാക്കള്‍ ആദ്യ ഘട്ടത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണു നേതാക്കള്‍ക്ക് സ്വന്തം നിലയില്‍ നിയമ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി അനുമതി നല്‍കിയത്. ഈ അനുമതി കിട്ടിയിട്ട് ഒരുവര്‍ഷമായിട്ടും ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയാണ് സി പി എം നേതാക്കള്‍.