പൂക്കോട് അട്ടിമറി തുടരുന്നു; സി ബി ഐ എത്തുമ്പോഴേക്കും എല്ലാം വെളുപ്പിക്കും

Kerala

കല്പറ്റ: പൂക്കോട് വെറ്റിനറി കോളേജില്‍ നടന്ന ആള്‍ക്കൂട്ട വിചാരണക്കൊലയില്‍ അട്ടിമറി തുടരുന്നു. ജെ എസ് സിദ്ധാര്‍ഥനെതിരായ ക്രൂര റാഗിങ്ങിലും ആള്‍ക്കൂട്ട വിചാരണയിലും പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയെടുത്ത നടപടി വിസി നിയമോപദേശം തേടാതെ റദ്ദാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിദ്ധാര്‍ത്ഥിനെ കൊന്നവര്‍ക്കെല്ലാം ഇതോടെ തുടര്‍പഠനത്തിന് അവസരമൊരുങ്ങും.

ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കണമെങ്കില്‍ സര്‍വകലാശാലയുടെ ലോ ഓഫിസറില്‍നിന്നു നിയമോപദേശം തേടണമെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും ചെയ്യാതെ സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരായ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള ധൃതിപിടിച്ചുള്ള തീരുമാനമാണ ടന്നത്.

സിദ്ധാര്‍ത്ഥനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത പെണ്‍കുട്ടിക്കെതിരെ ഒരു നടപടിയും ഇതുവരെ എടുത്തില്ല. ഈ പെണ്‍കുട്ടിയെ സഹായിച്ച സഹപാഠിയായ പെണ്‍കുട്ടിക്കെതിരേയും നടപടികളൊന്നുമില്ല. ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ വച്ചാണ് സിദ്ധാര്‍ത്ഥനെ ക്രൂര മര്‍ദനത്തിന് കുന്നില്‍ മുകളില്‍ വിധേയമാക്കിയത് എന്നും റിപ്പോര്‍ട്ടുണ്ട്. ഈ പെണ്‍കുട്ടിക്കെതിരേയും നടപടിയില്ല. ഇതിനിടെയാണ് 33 പേരെ തിരിച്ചെടുത്തിരിക്കുന്നത്.

കൂടാതെ വിവാദത്തിലായ പെണ്‍കുട്ടികളെ പൂക്കോട് നിന്നും മാറ്റി മറ്റൊരു വെറ്റിനറി കോളേജില്‍ പഠനാവസരം നല്‍കുന്നതിനും നീക്കം നടക്കുന്നതായി വിവരമുണ്ട്. ഈ കുട്ടികള്‍ക്ക് ഭരണത്തിലുള്ള സ്വാധീനമാണ് ഇതിന് കാരണം. ഇതോടൊപ്പം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ചിലരും ഇങ്ങനെ കോളേജ് മാറി പഠനം പൂര്‍ത്തിയാക്കി മൃഗ ചികിത്സയ്ക്ക് ഇറങ്ങാനാണ് തയ്യാറെടുക്കുന്നത്. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ സി ബി ഐ ഇനിയും എത്തിയിട്ടില്ല. അന്വേഷണം കൈമാറിയ ഉത്തരവ് സി ബി ഐയ്ക്ക ഇനിയും കൊടുത്തിട്ടില്ലെന്നാണ് സിദ്ധാര്‍ത്ഥന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍ തിരക്കിട്ട് നടക്കുന്നത്. സി ബി ഐ എത്തുമ്പോഴേക്കും തെളിവുകളെല്ലാം നശിപ്പിച്ച് പ്രതികളെ രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.

ജെ എസ് സിദ്ധാര്‍ഥനെതിരായ ആള്‍ക്കൂട്ട വിചാരണയില്‍ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരില്‍നിന്നു മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തിരുന്നത്. ഇത്തരത്തില്‍ കണ്ടെത്തിയ 31 പേരെ കോളജില്‍നിന്നു പുറത്താക്കുകയും ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സസ്പെന്‍ഷന്‍ നടപടി നേരിട്ടവര്‍ നല്‍കിയ അപ്പീലില്‍ സീനിയര്‍ ബാച്ചിലെ 2 പേരുള്‍പ്പെടെ 33 വിദ്യാര്‍ത്ഥികളെ വിസി തിരിച്ചെടുത്തു.

ഭൂരിപക്ഷം പേര്‍ക്കും സംഭവത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും കുറച്ചുപേര്‍ക്കു മാത്രമായി ശിക്ഷ ഇളവുചെയ്തതില്‍ രാഷ്ട്രീയ സ്വാധീനവും സ്വജനപക്ഷപാതവും ഉണ്ടായെന്നാണ് ആരോപണം. വിസിക്കു കിട്ടിയ അപ്പീല്‍ ലോ ഓഫിസര്‍ക്ക് നല്‍കാതെ സര്‍വകലാശാല ലീഗല്‍ സെല്ലില്‍ത്തന്നെ തീര്‍പ്പാക്കി. ആന്റി റാഗിങ് കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിനു മുന്‍പേ സര്‍വകലാശാല നല്‍കിയ ശിക്ഷാ ഇളവ്, നിലവില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്കും ഗുണകരമാകും. അവര്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അപ്പീല്‍ നല്‍കും. അപ്പോള്‍ അവരുടെ സസ്പെന്‍ഷനും പിന്‍വലിക്കപ്പെടും.