കോഴിക്കോട്: കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേര് ഓർമ്മയിൽ നിന്നും പറഞ്ഞ് കോഴിക്കോട് സ്വദേശിയ്ക്ക് ടൈം വേൾഡ് റിക്കോർഡ്. കണ്ണഞ്ചേരിയിൽ ഡെ ലൈറ്റ് വീട്ടിൽ സനിൽ ദീപിന്റെയും അഖിലയുടെയും മകനും എൽ എൽ ബി വിദ്യാർത്ഥിയുമായ ഷാരൂൺ എസ് ദീപാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈം വേൾഡ് റിക്കോർഡിൽ ഇടം നേടിയത്. 28 സെക്കന്റ് കൊണ്ട് ഇത് വരെയുള്ള അമേരിക്കൻ പ്രസിഡന്റ്മാരുടെ പേര് പറഞ്ഞതാണ് നിലവിലെ സ്വന്തം റിക്കോർഡ് തിരുത്തി ടൈം വേൾഡ് റിക്കോർഡ് ലഭിച്ചത്.
ടൈം വേൾഡ് റിക്കോർഡ് സർട്ടിഫിക്കറ്റും ബാഡ്ജും പ്രമുഖ മജീഷ്യൻ പ്രദീപ് ഹുഡിനോയിൽ നിന്നും ഷാരൂൺ എസ് ദീപ് ഏറ്റുവാങ്ങി. 2020 നവംബറിൽ അമേരിക്കയിൽ 46 പ്രസിഡന്റ്മാരുടെ പേരുകൾ 57 സെക്കന്റ് കൊണ്ട് പറഞ്ഞപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി. 2020 ഡിസംബറിൽ സമാന കാറ്റഗറിൽ 42 സെക്കന്റ് കൊണ്ട് സ്വന്തം റിക്കോർഡ് തിരുത്തി, ഏഷ്യാ ബുക്ക് ഓഫ് റെക്കാർഡും കരസ്ഥമാക്കി. 2021 ഒക്ടോബറിൽ 30 സെക്കന്റ് കൊണ്ട് ഓർമ്മ ശക്തിയിൽ വീണ്ടും നിലവിലെ റിക്കോർഡ് മറി കടന്ന് അറേബ്യൻ വേൾഡ് റിക്കോർഡും ലഭിച്ചു. ഇതിന് പിന്നാലെയാണ് ഈ വർഷം ജനുവരി ഒന്നിന് വീണ്ടും സമയം കുറച്ച് ടൈം വേൾഡ് റിക്കോർഡിലും ഇടം നേടിയത്.
2020 ൽ യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് ചാനൽ ഡിബേറ്റാണ് പ്രസിഡന്റുമാരുടെ പേര് ഓർക്കൽ ഹോബിയായി തുടങ്ങിയത് .റിട്ടയർഡ് സീനിയർ ബാങ്ക് മാനേജരായ അച്ഛൻ സനിൽ ദീപ് , ഹാം റേഡിയോയുടെ ലൈസൻസി ഓപ്പറേറ്ററാണ്.ഇതിനകം ലോകത്തിലെ 200 ഓളം രാജ്യങ്ങളിലെ ഹാമുകളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയിൽ 45 സ്റ്റേറ്റ് ഹാമുകളുമായി സംസാരിക്കാനുള്ള അവസരം വന്നപ്പോൾ മകനോട് അമേരിക്കൻ പ്രസിഡന്റ്മാരുടെ പേരു ഓർത്ത് പറയാൻ നിർദേശിച്ചത്. 3 ദിവസത്തെ പരിശീലനത്തിലൂടെ ഷാരൂൺ എസ് ദീപ് ഓർമ്മ ശക്തി പരീക്ഷിക്കാൻ തീരുമാനിച്ചു. പിന്നാലെ റിക്കോർഡുകളും എത്തി.
മലപ്പുറം എം സി ടി കോളജ് ഓഫ് ലീഗൽ സ്റ്റഡീസിൽ ഒന്നാം വർഷ എൽ എൽ ബി വിദ്യാർത്ഥിയാണ്. ഹാം റേഡിയോ ഓപ്പറേറ്റർ കൂടിയാണ്. കർണാടിക് സംഗീതവും വശമാക്കിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര ഉൾപ്പെടെയുള്ള വിവിധ വേദികളിൽ കച്ചേരിയിൽ പങ്കെടുക്കാറുണ്ട്.
വാർത്ത സമ്മേളനത്തിൽ മജീഷ്യൻ പ്രദീപ് ഹുഡിനോ , ഗിന്നസ് ദിലീഫ്,ഷാരൂൺ എസ് ദീപ് , സനിൽ ദീപ് എന്നിവർ പങ്കെടുത്തു.