അസാധാരണ ജീവിതം നയിക്കുന്ന അസാധാരണക്കാരിയായ സ്ത്രീയാണ് സുധാ ഭരദ്വാജ്

Articles

നിരീക്ഷണം / എ പ്രതാപന്‍

സുധാ ഭരദ്വജ് എഴുതിയ FROM PHANSI YARD , MY YEAR WITH THE WOMEN OF YERAWADA എന്ന പുസ്തകം ഇന്ന് കിട്ടി, വായിച്ചു. അതിന്റെ പുറംചട്ടയിലെ ബ്ലര്‍ബില്‍ അരുന്ധതി റോയ് എഴുതിയത് പോലെ അസാധാരണ ജീവിതം നയിച്ച ( നയിക്കുന്ന ) അസാധാരണക്കാരിയായ ഒരു സ്ത്രീയാണ് സുധാ ഭരദ്വജ് .

IIT കാണ്‍പൂരിലെ പഠന ശേഷം അവര്‍ രണ്ടു കാര്യങ്ങള്‍ ചെയ്തു. ആദ്യം അമേരിക്കന്‍ എംബസിയില്‍ പോയി തന്റെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ചു. പിന്നെ ശങ്കര്‍ ഗുഹാ നിയോഗിയോടൊപ്പം ഖനിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായി ദല്ലി രാജ്ഹാരയിലേക്ക് (ഇന്നത്തെ ഛത്തീസ്ഗഡില്‍) പോയി. പിന്നീട് അവരുടെ ജീവിതം തൊഴിലാളികള്‍ക്കിടയിലായിരുന്നു. 1991 ല്‍ നിയോഗി കൊല്ലപ്പെട്ടതിന് ശേഷവും തന്റെ പ്രവര്‍ത്തനങ്ങളുമായി അവര്‍ മുന്നോട്ടു പോയി.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്നതിന് വേണ്ടി തന്റെ മുപ്പത്തിയൊമ്പതാമത്തെ വയസ്സില്‍ നിയമ ബിരുദമെടുത്തു. മൂന്ന് പതീറ്റാണ്ടുകള്‍ ഛത്തീസ്ഗഡില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ശേഷം 2017 ല്‍ നേഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായി അവര്‍ ദില്ലിയിലേക്ക് പോയി. 2018 ആഗസ്റ്റ് 28 ന് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു, കുപ്രസിദ്ധമായ ഭീമാ കൊരേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട്. അവരെ പാര്‍പ്പിച്ചത് പൂനെയിലെ യാര്‍വാദ ജയിലിലെ അതീവ സുരക്ഷാ സെല്ലില്‍ ഏകാന്ത തടവിലാണ്. 2020 ഫെബ്രുവരിയില്‍ അവരെ മുംബൈയിലെ ബൈക്കുള ജില്ലാ ജയിലിലേക്ക് മാറ്റി. 2021 ഡിസംബര്‍ 1 ന് ബോംബെ ഹൈക്കോടതി ആരോഗ്യ കാരണങ്ങളാല്‍, കര്‍ശന നിബന്ധനകളോടെ ഡഅജഅ കേസില്‍ അവര്‍ക്ക് ജാമ്യം അനുവദിച്ചു. ഇപ്പോള്‍ അവര്‍ മുംബൈയില്‍ ജാമ്യത്തിലിരുന്നു കൊണ്ട് യൂണിയനുകള്‍ക്ക് വേണ്ടി നിയമ പ്രവര്‍ത്തികള്‍ ചെയ്ത് ജീവിക്കുന്നു.

യര്‍വാദ ജയില്‍വാസത്തില്‍ താന്‍ കണ്ടുമുട്ടിയ സ്ത്രീ തടവുകാരെ കുറിച്ചാണ് ഈ പുസ്തകം. PHANSI എന്ന വാക്കിന് തൂക്ക് മുറി എന്ന് അര്‍ത്ഥം. വധശിക്ഷ വിധിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന മുറിയിലാണ് വിചാരണ തടവുകാരിയായ സുധാ ഭരദ്വജിനേയും പ്രൊ.ഷോമ സെന്നിനേയും ഇട്ടത്. ആ മുറിയില്‍ കിടന്നു കൊണ്ട് അവര്‍ കാണുകയും പരിചയപ്പെടുകയും ചെയ്ത 77 തടവുകാരികളെ കുറിച്ചുള്ള ലഘുചിത്രങ്ങള്‍. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരുള്‍പ്പടെയുള്ള ആ തടവുകാരികള്‍, ആ അഴികള്‍ക്ക് പിറകിലും എങ്ങനെ അനീതിയെ ചെറുക്കാം, പ്രതീക്ഷകള്‍ കെടാതെ സൂക്ഷിക്കാം, സ്‌നേഹിച്ചു കൊണ്ടും ചിരിച്ചു കൊണ്ടും ജീവിച്ചു പോകാം എന്ന് തന്നെ പഠിപ്പിച്ചുവെന്ന് സുധാ ഭരദ്വജ് എഴുതുന്നു. അവര്‍ക്കായുള്ള ആദരം ഈ പുസ്തകം.

ഈ പുസ്തകത്തിലും ബ്രെഹ്റ്റ് കടന്നു വരുന്നു. സുധാ ഭരദ്വജിന്റെ ഓര്‍മ്മകളില്‍, അവര്‍ ഉദ്ധരിക്കുന്ന കവിതാ ശകലങ്ങളില്‍, രണ്ടോ മൂന്നോയിടത്ത്. ഇതിനിടെ വായിച്ച അനന്തമൂര്‍ത്തിയുടെ സംഭാഷണങ്ങളുടെ പുസ്തകത്തിലും ( A LIFE IN THE WORLD) ബ്രെഹ്റ്റിനെ കണ്ടു. അത്ര പെട്ടെന്ന് മരിച്ചു പോകുന്നയാളല്ല അയാള്‍ എന്ന് മനസ്സിലായി.