ബി ജെ പി യുടെ തുടര്‍ ഭരണം ഇന്ത്യയിലെ കലാസാഹിത്യ പ്രവര്‍ത്തനങ്ങളെ നിഗ്രഹിക്കുന്നു, ഇത് സ്വാതന്ത്ര്യത്തിന്‍റെ പടിപടിയായുള്ള മരണമെന്ന് ഞാന്‍ ഭയക്കുന്നു

Articles

നിരീക്ഷണം / എസ് ജോസഫ്

ബി.ജെ.പി ഭരണത്തിന്റെ തുടര്‍ച്ചയും ആധിപത്യവും മൂലം ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇന്ത്യയിലെ കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ പടിപടിയായുള്ള മരണമാണ് എന്ന് ഞാന്‍ ഭയക്കുന്നു. സമകാലിക കലാസാഹിത്യങ്ങളെ സംബന്ധിച്ച് കാലഹരണപ്പെട്ടതാണ് പൗരാണിക കലാ സാഹിത്യസംസ്‌കാരം. എന്നാല്‍ ചരിത്രപരമായിട്ടവ വിലപ്പെട്ടതുമാണ്. ഇനി ആവര്‍ത്തിക്കുമ്പോഴാണ് അതെല്ലാം കോമാളിത്തങ്ങളാകുന്നത്. അജന്തയോ കോണാരക്കോ. താജ്മഹലോ ഇനി നിര്‍മ്മിക്കേണ്ടതില്ല.

ക്ഷേത്രനിര്‍മ്മാണം, പ്രതിമാശില്പനിര്‍മ്മാണം എന്നിവയില്‍ കോടിക്കണക്കിന് രൂപ മുടക്കുന്നു എന്നതു തന്നെ ഇന്ത്യയിലെ ദരിദ്രരോട് ചെയ്യുന്ന ക്രൂരതയാണ്. തല്‍സ്ഥാനത്ത് പാവപ്പെട്ടവര്‍ക്കായി ഒരു ഹോസ്പിറ്റല്‍ നിര്‍മ്മിച്ചിരുനെങ്കില്‍ അഭിനന്ദനാര്‍ഹം ആയിരുന്നു. ശരിയായ ചികിത്സ കൊടുക്കാതെ കൊന്നൊടുക്കുകയാണല്ലോ ഇന്ത്യക്കാരെ. ഈ ക്ഷേത്രങ്ങളുടെയും പ്രതിമകളുടെയും നിര്‍മ്മാണ ലക്ഷ്യം ഭരണം മാത്രമാണ്. ഇവിടെ പള്ളിയുടെ ഡിസ്ട്രക്ഷനും ക്ഷേത്രത്തിന്റെ കണ്‍സ്ട്രക്ഷനും ഒരേ പോലെ ഭരണത്തിന് അവസരം നല്‍കുന്നു എന്നതില്‍ ജനങ്ങളെ തീര്‍ത്തും മണ്ടന്‍മാരാക്കുന്നതിന്റെ രാഷ്ട്രീയ തന്ത്രം ഒളിഞ്ഞിരുപ്പുണ്ട്.

പോസ്റ്റുമോഡേണ്‍ ലോക കലാചരിത്രത്തില്‍ ഇത്തരം വാസ്തുശില്പങ്ങളും പ്രതിമകളും ഒക്കെ അപ്രസക്തമാണ്. പ്രാകൃതമാണ്. യൂറോപ്യന്‍ അമേരിക്കന്‍ വാസ്തുശില്പകലയും ശില്പകലയും പഠിച്ചിട്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നത്. സമകാലിക സാഹിത്യ പ്രവണതകളെ സ്വാധീനിച്ച ചിന്താധാരകള്‍ അല്ല അറുപഴഞ്ചന്‍ മത ചിന്തകളാണ് ഇവയ്ക്ക് പിന്നിലുള്ളത്. ഏതാണ്ടൊരു പ്രതികാരം പോലെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഈ പ്രത്യയശാസ്ത്രത്തെ (തെറ്റായ ധാരണകള്‍ അള്‍ത്ത്യൂസര്‍) കലാപരമായി സാഹിത്യപരമായി പ്രതിരോധിക്കാന്‍ കലാ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും കവികള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ അതിന്റെ ഫലം ശരീരത്തിന്റെ മാത്രമല്ല സത്തയുടെ മുകളില്‍ കൂടിയുള്ള പരമാധികാരത്തിന്റെ സമ്പൂര്‍ണാധിപത്യം ആയിരിക്കും. ഇപ്പോള്‍ തന്നെ സാഹിത്യത്തിലെ പെരുപ്പവും രാഷ്ട്രീയ പ്രസക്തമായ രചനകളുടെ കുറവും അതാണ് സൂചിപ്പിക്കുന്നത്.

സഫ്ദര്‍ ഹഷ്മി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ സ്വതന്ത്രാവിഷ്‌ക്കാരങ്ങള്‍ക്ക് മേലേയുള്ള ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭീഷണികളുടെ രക്ത മുദകള്‍ ആയിരുന്നു. ആവിഷ്‌കാരങ്ങള്‍ക്ക് വിലങ്ങ് വീഴുന്ന അവസ്ഥയുണ്ട് ഇന്ത്യയില്‍ . അത് ഡെമോക്ലീസിന്റെ വാളുപോലെ തലയ്ക്കു മുകളില്‍ തുങ്ങുന്നു. എന്നാല്‍ നമ്മുടെ കവിതയില്‍ അപ്പോഴും കാവ്യപരമായ കളികൊണ്ട് പരമാധികാരത്തിന്റെ നിശ്ശബ്ദമാക്കലിലും അതൊന്നും ശ്രദ്ധിക്കാതെ എഴുത്തുതുടരുന്നവര്‍ ഉണ്ട്.

എന്തിനാണ് , ആര്‍ക്കുവേണ്ടിയാണ് ഈ സാഹിത്യ ലീലാ വിലാസം ? ഇക്കാലത്ത് എനിക്ക് വല്ലാത്ത നിരാശയും ശൂന്യതയുമാണ് തോന്നുന്നത്. എഴുതാനുള്ള അഭിനിവേശം കുറഞ്ഞു. ഭൂതകാലത്തെ വിമര്‍ശിക്കുക, അസംബന്ധ രചനകള്‍ നടത്തുക എന്നിവയിലൂടെ വര്‍ത്തമാന കാലത്തിന്റെ മൗന ഭാരത്തെ / ശൂന്യതയുടെ ഭാരത്തെ അവഗണിച്ച് മുന്നേറുന്നവര്‍ ഉണ്ട്. ഉള്ളുകൊണ്ട് ഹിന്ദുത്വ ഐഡിയോളജി ഭരിക്കുന്ന എഴുത്തുകാര്‍ ആണവര്‍ . കവികളുമുണ്ട്. അവരെ തിരിച്ചറിയുക പ്രയാസമാണ്. അവര്‍ക്ക് പല റോളുകളുണ്ട്. പക്ഷേ അവര്‍ ജനാധിപത്യവാദികളാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. കവിതയും സാഹിത്യവും ഒരു മറയായി പ്രവര്‍ത്തിക്കുന്നു അപ്പോള്‍ .