തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതിയെ പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശി തരിപ്പയില്‍ ഷിബില(28) ആണ് അകത്തായത്. തിരുവനന്തപുരം ബാലരാമപുരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ വാഗ്ദാനം ചെയ്തുമാണ് തട്ടിപ്പ് നടത്തിയത്. വയനാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലായി നിരവധി പേര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യാഷറായി ജോലി നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ ഷിബിലക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. റിസര്‍വ് ബാങ്കില്‍ ജോലിയുണ്ട് എന്ന് ബന്ധുക്കളേയും നാട്ടുകാരേയും പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. നിലമ്പൂര്‍ സ്വദേശിയായ വ്യവസായിയോട് റിസര്‍വ്വ് ബാങ്കില്‍ നിന്നും ബിസിനസ്സ് ആവശ്യത്തിനായി വന്‍ തുക വായ്പ വാങ്ങി തരാമെന്ന് പറഞ്ഞു പല തവണകളിലായി 30 ലക്ഷം രൂപയും തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ വ്യവസായി തിരുവനന്തപരം റിസര്‍വ് ബാങ്ക് ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ഒരാള്‍ ജോലി ചെയ്യുന്നില്ലെന്ന് വ്യക്തമാകുന്നത്.
പിന്നീട് പണം നഷ്ടപ്പെട്ട വ്യവസായി കോടതിയില്‍ പരാതി നല്‍കുകയും പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. നിലമ്പൂര്‍ ഡാന്‍സാഫും നിലമ്പൂര്‍ പൊലീസും ചേര്‍ന്ന് തിരുവനന്തപുരം ബാലരാമപുരത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഷിബില അറസ്റ്റിലായത് അറിഞ്ഞ് സ്‌റ്റേഷനില്‍ പരാതി പ്രവാഹമായിരുന്നു. 4 ലക്ഷം മുതല്‍ 10 ലക്ഷം വരെ നഷ്ടപ്പെട്ട നിരവധി പേരാണ് പരാതിയുമായി എത്തിയത്.