ഇനി മകരവിളക്ക് മഹോത്സവകാലം; ഡിസംബര്‍ 30ന് നട തുറക്കും

News

ശബരിമല: കാനന പാത വീണ്ടും ശരണം വിളികളാല്‍ മുഖരിതമാകും. കറുപ്പണിഞ്ഞ ഭക്തജന ലക്ഷം അയ്യപ്പ സന്നിധിയിലേക്ക് ഒഴുകിയെത്തും. മണ്ഡലകാലത്തിന് ശേഷം അടച്ച അയ്യപ്പക്ഷേത്ര നട മകരവിളക്ക് തീര്‍ഥാടനത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവര് നട തുറക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നല്‍കി യാത്രയാക്കും. മേല്‍ശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണന്‍ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിക്കും. അതിനു ശേഷം ഭക്തര്‍ക്ക് പതിനെട്ടാംപടി കയറാം. ഇന്ന്(ഡിസംബര്‍ 30) പ്രത്യേക പൂജകളുണ്ടാകില്ല. മകരവിളക്ക് തീര്‍ഥാടന കാലത്തെ പൂജകള്‍ 31ന് പുലര്‍ച്ചെ 3ന് നിര്‍മാല്യത്തിനു ശേഷം തുടങ്ങും.

ജനുവരി 14നാണ് മകരവിളക്ക്. ഇത്തവണത്തെ എരുമേലി പേട്ട തുള്ളല്‍ ജനുവരി 11ന് നടക്കും. തിരുവാഭരണ ഘോഷയാത 12ന് പന്തളത്ത് നിന്ന് പുറപ്പെടും. 13ന് പമ്പ വിളക്ക്, പമ്പ സദ്യ എന്നിവ നടക്കും. മകരവിളക്ക് കാലത്തെ നെയ്യഭിഷേകം 18ന് പൂര്‍ത്തിയാക്കും. 19ന് തീര്‍ഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് രാവിലെ 7ന് നട അടക്കും. മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *