കോഴിക്കോട്: വ്യാജ രേഖ ചമച്ച കേസിലെ പ്രതി വിദ്യയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍. വടകര കുട്ടോത്ത് രാഘവന്‍ എന്നിവരുടെ വീട്ടില്‍ വെച്ചാണ് വിദ്യയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ സഹായമൊരുക്കിയ ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് റൂറല്‍ എസ് പിക്ക് ഡി സി സി പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിച്ചിരുന്നില്ല. കേസെടുത്താല്‍ സി പി എമ്മിലെ ഉന്നതരിലേക്ക് അന്വേഷണം പോകുമെന്നതിനാലാണ് ഗുരുതരമായ കുറ്റത്തെ പൊലീസും കണ്ടില്ലെന്ന് നടിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖിലും ഒളിവില്‍ കഴിഞ്ഞത് കോഴിക്കോടാണ്. ഇതും അന്വേഷിക്കണം.
പൊലീസും സി പി എമ്മും തമ്മിലുള്ള ഒത്തുകളിയാണ് രണ്ട് കേസിലും നടന്നതെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു. ട്രെയിന്‍ തീവെപ്പ് കേസില്‍ മാതൃഭൂമി ജീവനക്കാര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമെതിരെ മൊഴി നല്‍കാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന എം.വി ശ്രേയാംസ്‌കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് ഡിസിസി പരാതി നല്‍കിയിട്ടുണ്ടെന്നും പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിപിഎം എമ്മിന്റെ ക്വാറി കോഴ വിവാദത്തില്‍ പൊലീസ് സ്വയം കേസെടുത്ത് അന്വേഷണം നടത്തണം. ബ്രാഞ്ച് സെക്രട്ടറി രണ്ട് കോടി ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന സെക്രട്ടറിമാര്‍ക്ക് എത്ര കോടി ലഭിക്കുമെന്ന് അന്വേഷിക്കേണ്ടതാണ്.
ജില്ലയിലെ സി പി എം ക്വാറി മദ്യമാഫിയകളുടെ കൈകളിലാണ്. കീഴരിയൂരിലെ തങ്കമല ക്വാറി, കാവിലുംപാറ വട്ടപ്പനയിലെ സബീര്‍ െ്രെഗനേറ്റ്, വളയത്തെ ബ്ലൂ മെറ്റല്‍സ് എന്നിങ്ങനെ ജില്ലയില്‍ അനധികൃത ക്വാറികളുടെ നീണ്ട നിര തന്നെയുണ്ട്. ഇവര്‍ക്ക് സഹായം നല്‍കുന്നത് സിപിഎമ്മാണ്. ജില്ലയിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം നിയമപരവും സുരക്ഷാപരവുമാണോയെന്ന് കോണ്‍ഗ്രസ് പരിശോധിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. സിപിഎംക്വാറി മാഫിയ ബന്ധവും പരിശോധനയില്‍ ഉള്‍പ്പെടുത്തും. നിയമവിധേയമല്ലാത്ത ക്വാറികള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പോരാട്ടം നടത്തുമെന്നും പ്രവീണ്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ക്കെതിരെ കള്ളകേസ് എടുത്തതിലും മാധ്യമവേട്ടക്കെതിരെയും കെപിസിസി ആഹ്വാന പ്രകാരം ജൂലായ് നാലിന് ഡിസിസിയുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തും. വയനാട് റോഡിലെ ഡിസിസി പരിസരത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ച് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും.