നിങ്ങള്‍ക്ക് കിട്ടാത്തതെന്താണോ അതില്‍ നിന്നാണ് നിങ്ങള്‍ ഉണ്ടായത് : റസൂല്‍ പൂക്കുട്ടി
കോഴിക്കോട്: ജീവിതത്തില്‍ നമുക്ക് എന്താണോ കിട്ടാത്തത് ,അതില്‍ നിന്നാണ് നമ്മള്‍ ഉണ്ടായതെന്ന് റസൂല്‍ പുക്കുട്ടി.ഏഴാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ശബ്ദ താരാപഥത്തില്‍’എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ജീവിതവും തൊഴില്‍ ജീവിതവും കൃത്യമായി എങ്ങനെ നിലനിര്‍ത്തി പോവുന്നു എന്നതിനെക്കുറിച്ചുള്ള മഞ്ജുഷ രാധാകൃഷ്ണന്റെ ചോദ്യത്തിന് തന്റെ തൊഴില്‍ ആണ് ജീവിതം എന്നും, താന്‍ ചെയ്യുന്നത് എന്താണോ അത് ആസ്വദിക്കുന്നുണ്ടെന്നും തൊഴിലില്‍ നിന്നും ഇടവേള എടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനുമായുള്ള ബന്ധത്തെ കുറിച്ചും ,ഇരുവരും ഒരുമിച്ചു ചെയ്യുന്ന ആടുജീവിതം എന്ന സിനിമയെ കുറിച്ചും സെഷനില്‍ ചര്‍ച്ച നടത്തി .ബ്ലസി സിനിമയില്‍ തന്റേതായ വ്യാഖ്യാനങ്ങള്‍ നടത്തിയതിനാല്‍ ആടുജീവിതം പ്രേക്ഷകരെ നിരാശരാക്കുമെന്ന് റസൂല്‍ പുക്കുട്ടി കൂട്ടിചേര്‍ത്തു.
സിനിമ ആത്മനിഷ്ഠമായ കലയാണ്, എന്നാല്‍ സാഹിത്യം സ്വതന്ത്രമാണ്. മലയാള സിനിമ ഇന്ന് അതിന്റെ ഉന്നതിയിലാണ് എന്നും അദ്ദേഹം പറഞ്ഞു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാഹിത്യത്തിലേക്കുള്ള കടന്നുകയറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന്,
എ.ഐ യെ നമ്മള്‍ ഭയപ്പെടേണ്ടതില്ല, കാരണം എ.ഐ ക്ക് നമ്മില്‍ നിന്ന് മനുഷ്യത്വം എടുത്തുകളയാന്‍ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.