തിരുവനന്തപുരം: ഒരുകാലത്ത് പോരാടി അവസാനിപ്പിച്ച ജീര്‍ണതകള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്ന പുതിയ കാലത്ത് കുമാരനാശാന്റെ കവിതകളുടെ പ്രസക്തിയേറുകയാണെന്ന് എഴുത്തുകാരനും സിനിമാഗാനരചയിതാവും നിരൂപകനും പ്രഭാഷകനും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസി. ഡയറക്ടറുമായ ഡോ. ജിനേഷ് കുമാര്‍ എരമം അഭിപ്രായപ്പെട്ടു. സ്ത്രീകളെയും കീഴാളരെയും നിന്ദിക്കുന്ന ശ്രുതികളെയും സ്മൃതികളെയുമാണ് ആശാന്‍ എതിര്‍ത്തത്. ഒരുപൂന്തോട്ടത്തിലെ പൂക്കളെപോലെ എല്ലാ മനുഷ്യരും വിടര്‍ന്നുല്ലസിക്കുന്ന മഹാലോകമാണ് കവി വിഭാവനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുമാരനാശാന്റെ നൂറാം ചരമവാര്‍ഷികത്തില്‍ സംഘടിപ്പിച്ച അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുസ്മരണത്തില്‍ ഡയറക്ടര്‍ ഡോ. എം. സത്യന്‍ അധ്യക്ഷനായി. കവിയും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് റിസര്‍ച്ച് ഓഫീസറുമായ ശ്രീകല ചിങ്ങോലി കാവ്യാലാപനം നടത്തി. എ.ഒ. സുനിത ഐ, എഫ്.എ. സാജുമോന്‍ എസ്. എന്നിവര്‍ സംസാരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സ്റ്റാഫ് ക്ലബ് സെക്രട്ടറി അമ്പിളി ടി.കെ. സ്വാഗതവും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ.റ്റി. ഗംഗ നന്ദിയും പറഞ്ഞു.