റഹീം പൂവാട്ടുപറമ്പ്അന്തരിച്ചു

Kozhikode

കോഴിക്കോട് – മുതിർന്ന പത്ര പ്രവർത്തകനും സിനിമാ തിരക്കഥാ കൃത്തുമായിരുന്ന റഹീം പൂവാട്ടുപറമ്പ് (60) ഹൃദയാഘാതം മൂലം നിര്യാതനായി.
കാലിക്കറ്റ് പ്രസ്‌ ക്ലബ്ബ്‌ മുൻ അംഗമായിരുന്നു. സീനിയർ ജേർണലിസ്റ്റ് ഫോറം മെമ്പറായിരുന്നു.

നിരവധി ചലച്ചിത്രങ്ങളുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഏതാനും ഹ്രസ്വ സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അവാർഡ് നൈറ്റുകളും ചലച്ചിത്ര സംബന്ധിയായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
അൽ- അമീൻ, കേരള ടൈംസ് പത്രങ്ങളിലാണ് പ്രവർത്തിച്ചത്. സ്വന്തമായി ഒരു സിനിമാ മാസികയും പുറത്തിറക്കിയിരുന്നു.

ലയൺസ്, റോട്ടറി, വൈസ് മെൻസ് തുടങ്ങി നിരവധി സംഘടനകൾക്കും ടെലിവിഷൻ ചാനലുകൾക്കും വേണ്ടി കേരളത്തിലെ വിവിധ ജില്ലകളിലായി അറുപതോളം താരോത്സവങ്ങൾ റഹിം പൂവാട്ടുപറമ്പ് സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി, ലാൽ, ബാലചന്ദ്രമേനോൻ, സലിംകുമാർ, മുകേഷ്, കാവ്യാ മാധവൻ, ഭാവന, നവ്യാ നായർ തുടങ്ങി ചലച്ചിത്ര ടെലിവിഷൻ രംഗത്തെ ഇരുനൂറോളം പ്രശസ്തർ ഈ താരോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ഉത്തര മലബാറിന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന താരോത്സവം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്.

കോഴിക്കോട് നടന്ന മലയാള സിനിമ നവതി, ആദ്യ ശബ്ദ ചിത്രം ‘ബാലൻ’ എഴുപത്തിയഞ്ചാം വാർഷികം, ആദ്യ കളർ ചിത്രം ‘കണ്ടം ബെച്ച കോട്ട്’ ഗോൾഡൻ ജൂബിലി, പ്രേംനസീർ നവതി തുടങ്ങി വിവിധ ആഘോഷങ്ങളും, വൈക്കം മുഹമ്മദ് ബഷീറിന് സ്മരണാഞ്ജലി അർപ്പിച്ചു നടത്തിയ
‘ഇമ്മിണി ബല്യ സുൽത്താൻ’ എന്ന പരിപാടിയും സംവിധാനം ചെയ്തത് റഹിം പൂവാട്ടുപറമ്പാണ്.