ഏക സിവില്‍ കോഡ്: രാജ്യത്തിന്‍റെ മത സാംസ്‌കാരിക വൈവിധ്യം ഇല്ലാതാക്കുമെന്ന് മുജാഹിദ് സമ്മേളനം

Kerala News

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോഴിക്കോട് (സലഫി നഗര്‍): ഏകസിവില്‍ കോഡ് എന്ന ഭീഷണി മുഴക്കി രാജ്യത്തിന്റെ മത സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഇസ്‌ലാമിന് നേരെ ഉന്നയിക്കുന്ന ഏത് ആരോപണങ്ങളെയും വൈജ്ഞാനികമായി നേരിടാന്‍ കരുത്തുള്ള മതമാണ് ഇസ്‌ലാം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇസ്‌ലാമിന് നേരെ എറിയുന്നത്. സംവാദത്തിന്റെ വാതിലുകള്‍ തുറന്നിടുന്ന ഇസ്ലാം ബൗദ്ധിക സംവാദങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സമ്മേളനം അഭിപ്രായപ്പെടുന്നു.

അന്ത്യ വേദമായ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ തെറ്റുധാരണ പരത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മുജാഹിദ് സമ്മേളനം ആവശ്യപ്പെടുന്നു. വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങള്‍ അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അനീതിയാണ്. ഇസ്ലാമിന്റെ പ്രായോഗിക പാഠങ്ങളെ ഭയപ്പെടുന്നവരാണ് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ധൃഷ്ടരാകുന്നത്. ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തീവ്രവാദത്തിന് തെളിവ് തേടുന്നവരും മുസ്‌ലിം സമൂഹത്തെ അപരിഷ്‌കൃതരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. വേദഗ്രന്ഥം പഠിക്കാന്‍ മുഹമ്മദ് നബി കാണിച്ച കുറ്റമറ്റ വഴി തേടണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു.

സംസ്ഥാന സമ്മേളനത്തിന്റ മുന്നോടിയായി സംഘടിപ്പിച്ച സംയുക്ത സംഘടന കൗണ്‍സില്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി, ഡോ ഹുസൈന്‍ മടവൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, പ്രൊഫ. എന്‍ വി അബ്ദുറഹ്മാന്‍, എച് ഇ മുഹമ്മദ് ബാബു സേട്ട്, എം സലാഹുദീന്‍ മദനി, പാലത്തു അബ്ദുറഹ്മാന്‍ മദനി, എം ടി അബ്ദുസമദ് സുല്ലമി, ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഹനീഫ് കായ്‌ക്കൊടി, മുഹമ്മദ് സലീം സുല്ലമി, ഡോ സുല്‍ഫിക്കര്‍ അലി, ശരീഫ് മേലേതില്‍, ഷാഹിദ് മുസ്‌ലിം ഫാറൂഖി, പി കെ ജംഷീര്‍ ഫാറൂഖി, സുഹ്ഫി ഇമ്രാന്‍, സുഹറ മമ്പാട്, ഷമീമ ഇസ്ലാഹിയ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *