കൊച്ചി: അഭിമന്യു കൊലക്കേസില്‍ സര്‍ക്കാറും പൊലീസും ആത്മാര്‍ത്ഥത കാട്ടിയില്ലെന്ന ആരോപണം വീണ്ടും സജീവമാകുന്നു. അഭിമന്യു കൊല്ലപ്പെട്ട് ഏറെ കഴിയുന്നതിന് മുമ്പ് തന്നെ ഈ ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ പ്രതിസ്ഥാനത്തുള്ള വര്‍ഗീയ സംഘടനയുമായി പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ബന്ധം പുലര്‍ത്തിയതോടെയാണ് ഇത്തരമൊരു ആക്ഷേപം ഉയര്‍ന്നത്. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കാര്യങ്ങള്‍.
അഭിമന്യു കൊല്ലപ്പെട്ട് വര്‍ഷങ്ങള്‍ക്കുശേഷം വിചാരണ തുടങ്ങാനിരിക്കെയാണ് കോടതിയില്‍ നിന്ന് സുപ്രധാന രേഖകള്‍ കാണാതായ സംഭവം പുറത്തുവരുന്നത്. ഇത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പ്രത്യേകിച്ച് പൂക്കോട്ട് വെറ്ററിനറി കോളെജിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എസ് എഫ് ഐയും സി പി എമ്മും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍. കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായ സംഭവം അറിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ ഹൈക്കോടതിയെ വിവരം അറിയിക്കുക മാത്രമാണ് സെഷന്‍സ് കോടതി ചെയ്തത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് രേഖകള്‍ കാണാതായത്. ഇതില്‍ കേസില്‍ പൊലീസ് അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച കുറ്റപത്രവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മൂന്ന് മാസം മുന്‍പാണ് രേഖകള്‍ കാണാതായത്. സംഭവത്തില്‍ അന്വേഷണത്തിന് മുതിരാത്ത സെഷന്‍സ് കോടതിയുടെ നീക്കങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്.
സുപ്രധാന കേസിലെ രേഖകള്‍ നഷ്ടമായതിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, രേഖഖള്‍ വീണ്ടെടുക്കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോടതിയിലും കേസ് വിചാരണ തുടങ്ങാതെ ഏറെക്കാലമായി കെട്ടികിടക്കുകയായിരുന്നു.
എസ് എഫ് ഐക്കാരനായ അഭിമന്യുവിന്റെ കാര്യത്തില്‍ ഇതാണ് സംഭവിക്കുന്നതെങ്കില്‍ പൂക്കോട്ട് വെറ്ററിനറി കോളെജിലെ എസ് എഫ് ഐക്കാരനല്ലാത്ത സിദ്ധാര്‍ത്ഥിന്റെ കൊലയിലുള്ള അന്വേഷണം എന്താകുമെന്ന ഭയത്തിലാണ് കുടുംബവും സിദ്ധാര്‍ത്ഥിന് നീതിക്കായി പോരാടുന്നവരും.