നിരീക്ഷണം / ഉമ്മര്‍ ടി കെ
രണ്ടുവര്‍ഷം മുമ്പ് ഇതെഴുതുമ്പോള്‍ സൈബറിടങ്ങളില്‍ മാത്രമായിരുന്നു കടന്നലാക്രമണം. ഇന്ന് പോലീസിനെ സഹായിക്കാന്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ബംഗാളില്‍ ബുദ്ധദേവിന്റെ കാലത്ത് ഹര്‍മ്മദ്വാഹിനി എന്ന ഒരു സംഘമുണ്ടായിരുന്നു. ഛത്തീസ് ഗഡില്‍ ബി. ജെ പിക്ക് സാല്‍വാ ജുദൂം. നമ്മുടെ നാട്ടില്‍ പേര് രക്ഷാപ്രവര്‍ത്തകര്‍ എന്നാണ്.
രണ്ടു വര്‍ഷം മുമ്പത്തെ പോസ്റ്റാണ്.
‘വലിയയിനം കടന്നലുകളെ മൊത്തമായി വിശേഷിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പേരാണ് ഹോര്‍നിറ്റ്. അന്നജമടങ്ങുന്ന ഭക്ഷണപദാര്‍ഥങ്ങളാണ് പ്രായമായ ഹോര്‍നിറ്റുകള്‍ക്കിഷ്ടം; എന്നാല്‍ ഇവയുടെ കുഞ്ഞുങ്ങളാകട്ടെ, പ്രോട്ടീന്‍ ധാരാളം കിട്ടുന്നതിനു പറ്റിയ മറ്റുജീവികളുടെ ലാര്‍വകളെ (രമലേൃുശഹഹമൃ)െ യാണ് ഇഷ്ടപ്പെടുന്നത് (ഉദാ; കെന്‍സിഡുകള്‍). ബാക്റ്റീരിയ, ഫങ്ഗസ് എന്നിവ ഹോര്‍നിറ്റുകളെ ആക്രമിക്കുക അപൂര്‍വമല്ല. ഇവയ്ക്കു ധാരാളം ഷഡ്പദശത്രുക്കളും ഉണ്ട്. ഇക്കൂട്ടത്തില്‍ ഇവ ശേഖരിക്കുന്ന ഭക്ഷണം മോഷ്ടിച്ചു കൊണ്ടുപോകുന്ന മറ്റു ഹോര്‍നിറ്റുകളാണ് ഇവയുടെ ഏറ്റവും വലിയ ശത്രുക്കള്‍. ഇവയുടെ അംഗസംഖ്യ അനിയന്ത്രിതമായി പെരുകാതിരിക്കുന്നതിനുള്ള കാരണങ്ങളും മേല്പറഞ്ഞവ തന്നെ.’ അത്രയും ശാസ്ത്രം . അതായത് മനുഷ്യരെപ്പോലെ കടന്നലുകള്‍ക്കും ബന്ധുക്കള്‍ തന്നെയാണ് ശത്രുക്കള്‍ എന്നര്‍ത്ഥം.
സാഹിത്യത്തില്‍ നോക്കിയാലും കടന്നല്‍ സാന്നിധ്യം ഉണ്ടായേക്കും. എഴുത്തിനു പുറത്ത് എന്നേ ഉണ്ട്. അകത്തെ കാര്യമാണ് വിഷയം.
കടന്നല്‍കുത്തേറ്റ് മുകിലസൈന്യം തോറ്റു മണ്ടുന്നത് മഹാകവി ഉള്ളൂര്‍ ഉമാകേരളത്തില്‍ വര്‍ണിച്ചിട്ടുണ്ട്. മറ്റു പല ജീവികളെയും പോലെ കടന്നലിനു സാഹിത്യത്തില്‍ ലഭിച്ചിട്ടുള്ള സ്ഥാനത്തിന് ഇതൊരു ദൃഷ്ടാന്തമാണ്.
കടന്നലിന് ശാസ്ത്രസാഹിത്യാദികളില്‍ സ്ഥാനം ലഭിക്കുന്നതില്‍ ആര്‍ക്കും വിയോജിപ്പില്ല. ഭൂമിയുടെ അവകാശികളായ സ്ഥിതിക്ക് തീര്‍ച്ചയായും അതിനവകാശമുണ്ടുതാനും. ആ സ്ഥിതിക്ക് രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ മാത്രമായി ഒരൊഴിച്ചു നിര്‍ത്തലിന്റെ ആവശ്യമെന്ത്! ഏതുതരം ഉള്‍പ്പെടുത്തലിനും ഒഴിച്ചു നിര്‍ത്തലിനും അതിന്റേതായ ചരിത്ര പ്രാധാന്യമുണ്ട്. ആയതിനാല്‍ കടന്നലിനെ രാഷ്ട്രീയ ചരിത്രത്തില്‍ എവിടെ പ്ലെയ്‌സ് ചെയ്യാമെന്നു കൂടി നോക്കാമെന്നു കരുതി.
എന്താവും സൈബര്‍ കടന്നലുകളുടെ പൂര്‍വ രൂപം? അല്ലെങ്കില്‍ മഞ്ഞയും കറുപ്പും നിറവും വിഷക്കൊമ്പുമായി സൈബര്‍ ചുമരുകളില്‍ സാഭിമാനം സമര വിജയപ്രതീകമായി പതിച്ചു വച്ചിരിക്കുന്ന കടന്നലിന്റെ പരിണാമം ഭാവിയില്‍ ഏതു വിധത്തിലായിരിക്കും?
2011 കാലത്ത് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയും അന്നത്തെ ആഭ്യന്തരമന്ത്രി പി ചിദംബരവും തമ്മില്‍ നടന്ന രൂക്ഷമായ കത്തിടപാടുകള്‍ പലരും ഓര്‍ക്കുന്നുണ്ടാവും. ബംഗാളിലെ നെതായ് വില്ലേജില്‍ 2 സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേരെ സി.പിഎമ്മിന്റെ ഹര്‍മദ് വാഹിനി എന്ന അര്‍ദ്ധസായുധസംഘം വെടി വെച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആ കത്തിടപാടുകള്‍ നടക്കുന്നത്. . എന്താണീ ഹര്‍മദ് വാഹിനി ? പത്തു മുപ്പത്തഞ്ചു വര്‍ഷത്തെ ഭരണത്തിനുശേഷം തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുകയാണെന്നു തിരിച്ചറിഞ്ഞ പാര്‍ട്ടി, അണികളെ ആയുധമണിയിച്ച് പിടിച്ചു നില്‍ക്കാന്‍ വേണ്ടിയുണ്ടാക്കിയ സംവിധാനമാണത്. ഛത്തീസ്ഗഡില്‍ സാല്‍വ ജുദൂം എന്ന പേരില്‍ ഒരു ഗുണ്ടാസംഘത്തെ സംഘ പരിവാറും വളര്‍ത്തിയെടുത്തിരുന്നുവെന്നോര്‍ക്കണം. ജനങ്ങളെ സംരക്ഷിക്കാനെന്നാണ് വെപ്പ്.
ബംഗാളിലെ ബുദ്ധിജീവികളും കലാകാരന്മാരും സംഘടിച്ച് ഹര്‍മദ് വാഹിനിയെ നിരായുധമാക്കണമെന്ന ആവശ്യം ചിദംബരത്തോട് അക്കാലത്ത് ഉന്നയിക്കുന്നുണ്ട്. ഹര്‍മദ് വാഹിനി പൂര്‍വരൂപത്തില്‍ ഇന്നവിടെ കാണാന്‍ സാധ്യതയില്ല. പക്ഷേ ഇല്ലാതായിപ്പോവില്ല. ഹിംസ ശീലമാക്കിയ സംഘങ്ങള്‍ പെട്ടെന്ന് ഇല്ലാതാവില്ല. പ്ലാറ്റ്‌ഫോം മാറും എന്ന വ്യത്യാസമേയുള്ളു. അവര്‍ അവിടെ തൃണമൂലിന്റെയും ബി ജെ പി യുടെയും ഗുണ്ടകളായി മാറി എന്നു മാത്രം.
ഇത്രയും പറയാന്‍ കാരണം സമാനമായ പ്രവണതകള്‍ കേരളത്തിലും പ്രത്യക്ഷപ്പെടുന്നതാണ്. ഇവിടെ തെരുവിലല്ല സൈബറിടങ്ങളിലാണ് എന്നു മാത്രം. അവര്‍ സ്വയം വിളിക്കുന്നത് കടന്നലുകള്‍ എന്നാണ്. കൂടിനെ സമീപിക്കുന്നവര്‍ ശത്രുക്കളോ മിത്രങ്ങളോ എന തിരിച്ചറിയാനാവാത്ത, വേദനിപ്പിക്കുന്ന വിഷം കുത്തിവയ്ക്കാന്‍ മാത്രമറിയാവുന്ന കടന്നലുകള്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സൈബര്‍ മുഖത്തെ പ്രതിനിധീകരിക്കുന്നതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ലെങ്കില്‍ അതില്‍ അപകടമുണ്ട്.
മാര്‍ക്‌സിന്റെ വാക്യം സന്ദര്‍ഭത്തില്‍ നിന്ന് ഊരിക്കൊണ്ടുവന്ന് മാര്‍ക്‌സ് ഉദ്ദേശിക്കാത്ത അര്‍ത്ഥത്തില്‍ സ്റ്റാറ്റസാക്കുന്നതു പോലെ അത്ര നിസ്സാരമല്ല അത്. മാര്‍ക്‌സ് അതല്ല ഉദ്ദേശിച്ചത് എന്നു വിശദീകരിക്കാനറിയുന്നവരുടെ നേരെയും കടന്നലാക്രമണമുണ്ടാകുമെന്ന് ഉറപ്പാണ്. അതു കൊണ്ട് സ്വപക്ഷത്തുള്ളവരും മിണ്ടിയില്ലെന്നു വരും . തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത ഇന്റര്‍വ്യൂ എടുത്ത പത്രപ്രവര്‍ത്തകയെ ആണിന്റെ അശ്ലീല ഭാഷയുപയോഗിച്ച് അപഹസിക്കുന്നതിലെ അനൗചിത്യവും സ്ത്രീവിരുദ്ധതയും ചൂണ്ടിക്കാണിച്ചിട്ടും മനസ്സിലാക്കാത്ത സ്ത്രീകളുണ്ട് ഈ കടന്നല്‍ക്കൂട്ടത്തില്‍. അവരും നാമജപത്തൊഴിലാളികളും തമ്മില്‍ എവിടെയാണ് വ്യത്യാസപ്പെടുന്നത്? അന്ധമായ ഭക്തി കൈമുതലായ ക്രിമിനല്‍ ഫാസിസ്റ്റ് മനോഭാവക്കാര്‍ എല്ലായിടത്തും ഒരുപോലെയാണ്. അവര്‍ക്ക് പ്രത്യയശാസ്ത്രമില്ല.
നയമോ യുക്തിയോ ത്യാജ്യ ഗ്രാഹ്യവിവേചന ശേഷിയോ ഇല്ല. അവര്‍ രാഷ്ട്രീയക്കാരല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള ഗ്രൗണ്ട് റിയാലിറ്റി അറിയാവുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇവരെ തള്ളിപ്പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. ഏതെങ്കിലും ഒരു സൈക്കോപ്പാത്തിന് അവരെ ഏത് വഴിക്കും നയിക്കാനാവും. അവര്‍ ചില ശത്രുക്കളെ ചൂണ്ടിക്കാണിക്കും. കടന്നലുകള്‍ ഒന്നിച്ചിളകും.
കവികള്‍ പൊതുവെ ദുര്‍ബ്ബലരും കാല്‍പനികരുമാണ്.
കവി എന്നും വിമതനാണ്. കവിത വിമത പ്രവര്‍ത്തനമാണ്. അത്തരമൊരു കവിതയെഴുതുന്നതു പോലും കടന്നലാക്രമണത്തിനു കാരണമാവുന്നത് ഭയാനകമാണ്. സാമാന്യ ബോധത്തിനു നിരക്കാത്ത മട്ടില്‍ എഴുതരുത് എന്ന മട്ടിലുള്ള തിട്ടൂരങ്ങളൊക്കെ എത്ര ബോറാണ് , എന്തു വലിയ അപകടവുമാണ് എന്നു തിരിച്ചറിയാനുള്ള ശേഷിയെങ്കിലും ഇടതിന്റെ കെയറോഫില്‍ പൊതു ഇടത്തില്‍ ഇടപെടുന്നവര്‍ക്കുണ്ടായേക്കുമെന്ന് മനുഷ്യര്‍ പ്രതീക്ഷിക്കും. നമ്മുടെ പൊതുബോധം, മീഡിയയുടെ സാന്നിധ്യം എന്നിവ കൊണ്ടു മാത്രമാണ് ബംഗാളിലെയോ ഛത്തീസ്ഖഡിലെയോ പോലെ അവര്‍ തെരുവില്‍ ഇറങ്ങാത്തത്. മറിച്ചുള്ളതൊക്കെ ചെയ്തിട്ട് എവിടെ ആക്രമണം എന്നവര്‍ ചോദിക്കുന്നത് അതിന്റെ തെളിവാണ്.
സത്യത്തില്‍ എന്താണ് കവികളും പരിസ്ഥിതിവാദികളും ചെയ്ത തെറ്റ് ? പെരിങ്ങോം ആണവനിലയത്തിനെതിരെ, സൈലന്റ് വാലി, അതിരപ്പള്ളി പദ്ധതികള്‍ക്കെതിരെ അവര്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ കെ.റെയിലിനെതിരെയും. കേരളത്തിന് ഏറ്റവും സാമ്പത്തികബാധ്യതയാകുന്ന ഒരു പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണം എന്നു പറയുന്നത് തെറ്റാകുന്നതെങ്ങനെയാണ്? ഇനി ,തങ്ങള്‍ക്ക് അതു വേണ്ട എന്നു പറയാനുള്ള അവകാശം പോലും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന് കടന്നലുകള്‍ പഠിക്കുന്നതെപ്പോഴാണ്? അത് സിലബസ്സിലില്ലെങ്കില്‍ ഇത്ര കാലം എതിര്‍ത്തവരുടെ സിലബസ്സുമായി ചേര്‍ത്ത് ഏകീകൃതമാക്കുന്ന കാര്യം ആലോചിച്ചു തുടങ്ങാം. ഇത് ആ ബര്‍മുഡ ട്രൗസര്‍ ന്യായത്തില്‍ നില്ക്കില്ല. ജനാധിപത്യത്തില്‍ പൗരപ്രമുഖര്‍ക്കു മാത്രമല്ല, ഓരോ സാധാരണക്കാരനും സംസാരിക്കാനും വിയോജിക്കാനും അവകാശമുണ്ട് എന്ന് പറയുന്നതിലെന്താണ് കുഴപ്പം?
ഈ കടന്നലുകള്‍ വളഞ്ഞിട്ടാക്രമിക്കുന്ന ഏതാനും പേരാണോ വികസനം മുടക്കികള്‍ ? സിപിഐക്കാരുണ്ട്, അവസാനമായി കെ. റെയിലിനെതിരെ ഒപ്പുവെച്ച് മരിച്ചു പോയ എം കെ പ്രസാദ് മാഷുണ്ട്. ആര്‍ വി ജി മേനോന്‍ മുതല്‍ പരിഷത്തിന്റെ ബൗദ്ധിക നേതൃത്വം മുഴുവനുണ്ട്. ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ലാത്ത നിര്‍ദ്ദയമായ സംഘടനാ ചട്ടക്കൂടില്‍ പെട്ട് നിശബ്ദരായ സുനില്‍ പി ഇളയിടം മുതല്‍ അനേകം പേരെയും ഇതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പരിഷത്തില്‍ നഷ്ടപ്പെടാന്‍ ചങ്ങല മാത്രമല്ലാത്ത പാര്‍ട്ടി അടിമകളൊഴികെ ഭൂരിപക്ഷവും ചര്‍ച്ചകള്‍ വേണമെന്ന പക്ഷക്കാരാണ്.
പക്ഷേ കടന്നലുകള്‍ക്ക് ആശയപരമായി അവരെ നേരിടാന്‍ എന്തുണ്ട് ? ആലോചനയില്ലാത്ത ഒരു തലച്ചോറ്, വിഷമിറക്കി കൊല്ലാന്‍ വരെ പറ്റുന്ന ഒരു സൂചി. ഇതല്ലാതെ മറ്റെന്താണുള്ളത്? എതിര്‍ക്കുന്നവരുടെ വ്യക്തിജീവിതം വലിച്ചിട്ട് അധിക്ഷേപിച്ച് ഞങ്ങള്‍ ജയിച്ചേ എന്നു പറയുമ്പോള്‍ ഇത്ര കാലം മറ്റുള്ളവര്‍ ചെയ്ത അശ്ലീലം ആവര്‍ത്തിക്കുന്നു എന്നു മാത്രമേ അര്‍ത്ഥമുള്ളൂ.അതാണോ കടന്നലുകളെ രോമാഞ്ചം കൊള്ളിക്കുന്ന ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ എന്ന മന്ത്രത്തിന്റെ ബീജം ? ഗംഭീരമായിട്ടുണ്ട്.
എന്തായിരുന്നു കേരള വികസന ചര്‍ച്ചകളില്‍ കടന്നല്‍ക്കൂട്ടത്തിന്റെ സംഭാവന? നേതാക്കന്മാരുടെ മക്കള്‍ക്കെതിരായി അസത്യ പ്രചരണം നടത്തിയതായിരുന്നോ കെ റെയിലിനെ എതിര്‍ത്തതായിരുന്നോ ശരിയായ പ്രശ്‌നം? വികസനവുമായി ബന്ധപ്പെട്ട് പലതലങ്ങളിലേക്ക് വ്യാപിച്ച് ഗുണകരമായ ഫലങ്ങളുണ്ടാക്കേണ്ടിയിരുന്ന ഒരു ചര്‍ച്ചയെ ക്ഷുദ്രമായ ഒരു വാദത്തിലേക്ക് ചുരുക്കിക്കെട്ടിയതില്‍ പ്രശ്‌നമൊന്നും തോന്നുന്നില്ലേ?
പ്രധാന പ്രശ്‌നം ഇടതിന്റെ ഓഡിറ്റിംഗാണെങ്കില്‍ അത് ഇതോടെ അവസാനിച്ചോ?
ഓഡിറ്റ് ചെയ്യപ്പെടുന്നുവെന്നതു തന്നെയാണ് തിരുത്തലുകള്‍ക്കും നവീകരണങ്ങള്‍ക്കും വഴിവയ്ക്കുക. മറ്റിടങ്ങളില്‍ പ്രതീക്ഷയില്ലാത്തതു കൊണ്ടും ഇടത് ആശയധാരയുടെ പാരമ്പര്യം അവകാശപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടിയായതുകൊണ്ടും മാര്‍ക്‌സിസം ജീനി കെട്ടിയ കുതിരയല്ലാത്തിടത്തോളവും ഓഡിറ്റിംഗ് നടക്കും. കാരണം അയ്യായിരത്തോളം അംഗങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന ഒറ്റയൊരു പ്രവേശനദ്വാരം മാത്രമുള്ള കടന്നല്‍ക്കൂടല്ല ഇടത് എന്നതു തന്നെ.
കടന്നലുകള്‍ എന്നല്ല ഒരു ജീവിയും ലോകത്ത് ആവശ്യമില്ലാത്തതല്ല. ഓരോന്നിനും അതിന്റെതായ ധര്‍മ്മമുണ്ട്. ചില ചെടികളില്‍ പരാഗണം നിര്‍വ്വഹിക്കുന്നത് കടന്നലുകളാണ്. അതേസമയം മനുഷ്യരെ തിരിച്ചറിയാനുള്ള വിവേകം അവയ്ക്കില്ല. വിവേകമുള്ള മനുഷ്യര്‍ അവയെ ഒറ്റയ്‌ക്കൊറ്റയ്ക്ക് നേരിടാറുമില്ല. ഭാവിക്ക് ഭീഷണിയാവുമ്പോള്‍ കൂടിരിക്കുന്ന സ്ഥലമുടമകള്‍ തന്നെ അത് അപ്പാടെ കത്തിച്ചു കളയുകയാണ് പതിവ്.