സാഹിത്യവേദി കഥാ പുരസ്‌കാര സമര്‍പ്പണം നടത്തി

Wayanad

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സാഹിത്യ കൂട്ടായ്മയായ സാഹിത്യവേദിയുടെ രണ്ടാമത് സാഹിത്യ പുരസ്‌കാരം തൃശൂര്‍ ജില്ലയിലെ മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇ.എസ്.ആമിക്ക് എഴുത്തുകാരന്‍ പി.കെ.പാറക്കടവ് സമര്‍പ്പിച്ചു. ആമിയുടെ ‘കരുതിയിരിക്കുക എന്റെ വിശപ്പിനെ എന്റെ കോപത്തെയും’ എന്ന കഥയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്‌കാരം.

ഇന്നത്തെ കറുത്ത കാലത്തില്‍ വായനയും എഴുത്തും ഒരു ശക്തമായ പ്രതിരോധ പ്രവര്‍ത്തനമാണെന്ന് പി.കെ.പാറക്കടവ് പറഞ്ഞു. കൊയ്‌തൊഴിഞ്ഞ പാടങ്ങള്‍പോലെയുള്ള ഗ്രാമനന്‍മകളെ തിരിച്ചുപിടിക്കാന്‍ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. പുസ്തകം നശിച്ചാല്‍ സംസ്‌കാരം ഇല്ലാതാകും. കുട്ടികളുടെ ഉള്ളിലെ നന്‍മയുടെ തീ ആളിക്കത്തിക്കാന്‍ സാഹിത്യവേദിക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

പി.ടി.എ പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ ജി.ജി. അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയെ മുള്ളന്‍കൊല്ലിഗ്രാമ പഞ്ചായത്ത് അംഗം ജോസ് നെല്ലേടം ആദരിച്ചു. എഴുത്തുകാരായ സുജിത സി.പി, സിബി പുല്‍പ്പള്ളി, റിട്ടേര്‍ട്ട് ഡി.ഇ.ഒയും ചിത്രകാരിയുമായ സതി പി.എന്‍, എം.പി.ടി.എ.പ്രസിഡന്റ് ഗ്രേസി റെജി, പ്രിന്‍സിപ്പാള്‍ പി.കെ. വിനുരാജന്‍, ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍.ജയരാജ്, സീനിയര്‍ അസിസ്റ്റന്റ് ഷാജി മാത്യു, സ്റ്റാഫ് സെക്രട്ടറി രതീഷ് സി.വി, മനു ഇ.എം, സ്‌കൂള്‍ ഡെപ്യൂട്ടി ലീഡര്‍ സ്‌നേഹ സോണി എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ ഷാജി പുല്‍പ്പള്ളി സ്വാഗതവും സാഹിത്യവേദി കണ്‍വീനര്‍ ഇ.കെ.ഷാന്റി നന്ദിയും പറഞ്ഞു.