മമ്മുട്ടിയെ പരിശോധനക്ക് വിധേയമാക്കിയതിനെക്കാൾ ഗുരുതര പ്രശ്നം ഇനിയും തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതീക്ഷിക്കാം, ,നാണക്കേടാണിത്

Articles

നിരീക്ഷണം /നസീം ബീഗം

മമ്മൂട്ടിയെ മനഃപൂർവം സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കിയോ ഇല്ലയോ എന്നതിനേക്കാൾ ഗുരുതരമായ പ്രശ്നം മുസ്ലീം നാമധാരികൾക്കു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരും നാളുകളിൽ കൂടുതലായി പ്രതീക്ഷിക്കാം.

പ്രവാസത്തിനു തുടക്കമിട്ട 2004 മുതൽ നിരന്തരം സംശയരോഗികളായ ഉദ്യോഗസ്ഥരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നേരിടുന്നുണ്ട്. അന്നത്തെ മുപ്പതുകാരിയിൽ നിന്നും അമ്പതിൽ എത്തിയിട്ടും തിരുവന്തോരത്തെ ഉദ്യുഗസ്ഥർക്കു ഞാൻ മുപ്പതുകാരി തന്നെയെന്ന് തോന്നുന്നു.

അക്കാലത്ത് ആയ, നേഴ്സ് , അധ്യാപക ജോലിക്കായി തനിച്ചു വിദേശ രാജ്യങ്ങളിൽ പോകുന്ന സ്ത്രീകളെ മാത്രമേ അവർ കണ്ടിരുന്നുള്ളൂ എന്നു കരുതാം. ഇപ്പോൾ ലോകമെങ്ങും സ്ത്രീകൾ പോകുന്നു. അത് കൊണ്ടു ഇതു ചില പേരുകൾ കാണുമ്പോൾ ഹാലിളകുന്ന പുതിയകാല രോഗം തന്നെ എന്ന് പല അനുഭവങ്ങൾ സാക്ഷി.

സ്ത്രീ സംരക്ഷണം എന്ന പേരിൽ ആയിരുന്നു സിംഗിൾ ആയ സ്ത്രീകളെ ഒരു കാലത്ത് ഉദ്യോഗസ്ഥർ വേട്ടയാടിയിരുന്നതെങ്കിൽ കാലക്രമേണ ആ സംശയം മനുഷ്യക്കടത്ത്, സ്വർണ കടത്ത്, മത/ വർണ്ണ / വർഗ്ഗ വെറി ആയി മാറിയിട്ടുണ്ട്. “ഇതൊന്നും സഹിക്കാൻ പറ്റുന്നില്ല എങ്കിൽ വേറെ രാജ്യത്ത് പോകാം “എന്നു വരെ പറയാൻ ധൈര്യം കാട്ടുന്ന ഉദ്യോഗസ്ഥരെ വരെ നേരിടേണ്ട അവസ്ഥയാണ്.

കൊച്ചിയിലും സമാനമായ അനുഭവം ഉണ്ടായി. തൊഴിൽ വിസ എന്ന് കണ്ടാലും കൃമി കടിക്ക് കുറവിലാത്തത് ടൂറിസ്റ്റ് വിസയിൽ പോയി തരികിട കാട്ടുന്നവർ നൽകുന്ന കൈമടക്ക് കിട്ടില്ല എന്നതു കൊണ്ടും ആകാം.

പാസ്പോർട്ട് ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കയ്യിൽ കിട്ടിയാൽ ആദ്യം ഒരു ചോദ്യമുണ്ട്: പേര് നസീം ബീഗം റഹുമാൻ. എന്നിട്ടൊരു മൂളൽ. പിന്നെ അങ്ങോട്ടു തുടങ്ങും പൊലീസ് മുറയിൽ ചോദ്യം ചെയ്യൽ. വാസ്തവത്തിൽ അത്തരം ഉദ്യോഗസ്ഥരോടു സഹതാപവും അമർഷവും ഒരുമിച്ചു തോന്നും. ഷാരൂഖ് ഖാനെ വെറുതെ വിടാത്ത രാജ്യം എന്നു ഓർത്ത് സമാധാനിക്കുകയാണ് വേണ്ടത് എന്ന അടുത്ത കാലത്തെ ഉപദേശങ്ങൾ മടുത്തു ഇത്തവണ മനുഷ്യാവകാശ കമ്മീഷന് ഒരു പരാതി ഓൺലൈൻ വഴി ചെയ്യാൻ നോക്കുമ്പോൾ എന്തോ ഒരു തടസ്സം. ഒന്നു കൂടി ശ്രമിക്കണം. ഇനി ഇപ്പോൾ മമ്മൂട്ടിയെ പോലും വെറുതെ വിടാത്ത സംസ്ഥാനം എന്ന് പറയാം.

ഏറ്റവും രസകരം ഡൽഹിയിൽ പോലും ഈ വിധം ചോദ്യം ചെയ്യൽ ഇല്ല എന്നതാണ്. അവർ പേരു നോക്കിയല്ല ആളുകളെ വേർതിരിക്കുന്നത് എന്ന് സ്പഷ്ടം. പല യാത്രകൾ ഡൽഹി വഴി ചെയ്തു. കംബോഡിയയിലേക്ക് തനിച്ചു എന്നു കണ്ടു അതിശയത്തോടെ കാര്യങ്ങൾ ചോദിക്കുകയും ഒരു ചെറിയ മതിപ്പും അഭിനന്ദനവുമൊക്കെ അവിടെ നിന്ന് ലഭിച്ചു. ഇപ്പോൾ ആരും ഒന്നും ചോദിക്കാറു കൂടിയില്ല. അവരുടെ റെക്കോർഡിൽ പേരുള്ളത്
കൊണ്ടാകാം.

തിരുവന്തോരത്തെ ഉദ്യോഗസ്ഥർക്ക് പൊതുവിജ്ഞാനത്തിന്റെ കുറവുണ്ട്. ഗൾഫ്, യൂറോപ്പ് ഒക്കെയെ കേട്ടിട്ട് പരിചയമുള്ളൂ അത്രേ. ആയിക്കോട്ടെ. പക്ഷേ കംബോഡിയ എന്ന രാജ്യമുണ്ടോ എന്നൊക്കെ ചോദിച്ചാൽ ,കംബോഡിയ എന്നതിന്റെ സ്പെല്ലിങ് അറിയില്ല, ഒരു പത്രത്തിലെ കോപ്പി എഡിറ്റർ പണി എന്തെന്ന് അറിയില്ല; എഡിറ്റിംഗ് എന്ന് നേരം വണ്ണം പറയാനും കൂടി അറിയില്ല. ചോദ്യം ചെയ്യലിനിടയിൽ “കോപ്പി എഡിഷൻ” എങ്ങനെ ആണ് ചെയ്യുന്നത് എന്നു വിശദീകരിക്കണം. ചിരിച്ചു പോയെങ്കിലും ആളുടെ അജ്ഞത കണ്ടപ്പോൾ ഒരു ബുദ്ധി തോന്നി പത്രത്തിൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് എഴുതിയിരിക്കുന്ന എഡിറ്റ് പേജ് ഫോണിൽ കാണിച്ചു കൊടുത്തു. എന്തൊക്കെയോ വായിച്ചു മനസ്സിലാക്കാൻ നോക്കി. ഒന്നും മനസിലാകാത്തത് കൊണ്ടാകാം ഓഫീസ് ഐ ഡി കാർഡ് കണ്ടിട്ടും സംശയം തീരാതിരുന്ന ആൾ പെട്ടെന്നു ഫോൺ തിരികെ തന്നു, പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്തു വിട്ടയച്ചു. കൗണ്ടർ വിടുംമുൻപു മാന്യദേഹത്തിന്റെ പേരും ചോദിച്ചു മനസിലാക്കി.

ഒരിക്കൽ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥർ തന്നെ എന്നോട് പറഞ്ഞു: അതൊരു റാൻഡം സെലക്ഷൻ ആണത്രെ. അതിൽ പെട്ടാൽ പെട്ടു. അതേ പേരിൽ – തിരുവനന്തപുരം വിമാനത്താവളത്തിലെ റാൻഡം സെലക്ഷൻ – കേരള കൗമുദിയിൽ ഒരു ലേഖനം (കോളം) എഴുതിയ കാലത്ത് കുറെ നാൾ ശല്യം ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്. അദാനിയുടെ വിമാനത്താവളത്തിൽ ഇനിയത് വർധിക്കുകയോ ഉള്ളൂ.

പക്ഷേ ഒന്നുണ്ട്, ചോദ്യം ചെയ്യുന്ന രീതിയിൽ അല്പം പ്രൊഫഷണലിസം ഇപ്പോഴുണ്ട്. പിന്നെ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ കാണുമ്പോൾ പിരി ഇളകുന്ന സ്വഭാവം, അതും കൂടി മാറ്റുക. ചില വളിപ്പു മലയാള സിനിമകളിൽ കാണുന്നത് പോലുള്ള ദ്വയായാർഥ പ്രയോഗങ്ങളാണ് നെറ്റിയിൽ കുറിയും ചാർത്തി ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക്. കടുത്ത സംശയരോഗികളായ ചില പൊട്ടിട്ട ചേച്ചിമാരെയും ഇടക്ക് തിരുവനന്തപുരത്ത് കാണുന്നുണ്ട്.

ലോകം എന്നാൽ കേരളം എന്ന് കരുതുന്ന ഇമ്മാതിരി പാവങ്ങളെ മറ്റു സംസ്ഥാനങ്ങളിൽ കൂടി പണിക്ക് വിടാൻ ആരോടാണ് പറയേണ്ടത്!? വെറുത്തു പോകുന്നു തിരുവനന്തപുരം വിമാനത്താവളത്തെ. ഒരു കാലത്ത് ഇത് അടച്ചു പൂട്ടിപ്പോകരുത് എന്നാഗ്രഹിച്ചു, ഇനി ആ അമിത മോഹമില്ല. തിരുവനന്തപുരത്തിന് നാണക്കേടാണ് തിരുവനന്തപുരം അന്താഷ്ട്ര വിമാനത്താവളം. (രാജ്യാന്തര പ്രമുഖയായ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമാണ്
നസീം ബീഗം )