ഗവര്‍ണറുടേത് RSS താല്പര്യം, കരിങ്കൊടി പ്രകടനം പ്രതിഷേധമാണെന്ന ബോധ്യം എസ് എഫ് ഐ ക്ക് നഷ്ടപ്പെടുന്നത് ബോധഭ്രംശം

Articles

നിരീക്ഷണം / ഡോ: ആസാദ്

ര്‍വ്വകലാശാലകളുടെ അക്കാദമിക സമിതികളിലേക്കോ ഭരണനിര്‍വ്വഹണ സമിതികളിലേക്കോ അംഗങ്ങളെ നിര്‍ദ്ദേശിക്കുമ്പോള്‍ അതിനു നിശ്ചയിക്കപ്പെട്ട യോഗ്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കക്ഷിരാഷ്ട്രീയ താല്‍പ്പര്യമോ മത സാമുദായിക താല്‍പ്പര്യമോ സ്വജന പക്ഷപാതമോ ഉണ്ടായിക്കൂടാ.

ഈയിടെ സര്‍വ്വകലാശാലാ സെനറ്റുകളിലേക്കു നടത്തിയ നോമിനേഷനുകളില്‍ ബി ജെ പി ആര്‍ എസ് എസ് രാഷ്ട്രീയ താല്‍പ്പര്യമേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോക്കിയുള്ളു എന്ന ഗൗരവതരമായ ആരോപണം ഉന്നയിച്ചത് എസ് എഫ് ഐയാണ്. അതില്‍ കടുത്ത പ്രതിഷേധവുമായി എസ് എഫ് ഐ രംഗത്തിറങ്ങുകയും ചെയ്തു. തെറ്റു തിരുത്താനല്ല അതു തന്റെ അവകാശമാണെന്ന് സ്ഥാപിക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. കക്ഷിരാഷ്ട്രീയമോ മറ്റു സങ്കുചിത താല്‍പ്പര്യങ്ങളോ പരിഗണിക്കാതെ യോഗ്യതയുള്ള പേരുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു ചാന്‍സലര്‍ ചെയ്യേണ്ടിയിരുന്നത്. അത് അദ്ദേഹം ചെയ്തില്ല.

സര്‍വ്വകലാശാലകളില്‍ നടക്കുന്ന നോമിനേഷനുകളെല്ലാം യോഗ്യത പരിഗണിച്ചാണ് നടന്നുവരുന്നതെന്ന് ആര്‍ക്കും അഭിപ്രായം കാണില്ല. ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന പാനലുകളില്‍ അയോഗ്യരും കടന്നുവരാറുണ്ട്. ചിലപ്പോള്‍ അയോഗ്യരാണ് കൂടുതല്‍ ഉണ്ടാവുക. ഉദാഹരണമായി സാഹിത്യകാരന്മാരുടെ / എഴുത്തുകാരുടെ പേരിലുള്ള ഒഴിവില്‍ ഒരു സര്‍വ്വകലാശാലാ സെനറ്റിലും നമ്മുടെ പ്രഗത്ഭരായ എഴുത്തുകാര്‍ തെരഞ്ഞെടുക്കപ്പെടാറില്ല. പ്രഗത്ഭ മാദ്ധ്യമ പ്രവര്‍ത്തകരുടെ ഒഴിവിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകരായിരിക്കും നിയോഗിക്കപ്പെടുക. ഇതൊക്കെയാണ് പതിവ്.

എസ് എഫ് ഐ ആരംഭിച്ച സമരം ഇത്തരം അനീതിക്കെതിരെക്കൂടി അഭിപ്രായരൂപീകരണം ഉണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നു. ഇനിയുള്ള നാമനിര്‍ദ്ദേശങ്ങള്‍ വെറും കക്ഷിരാഷ്ട്രീയം പരിഗണിച്ചു സാദ്ധ്യമാവില്ല. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ അവരുടെ യോഗ്യതയും സംഭാവനയും പരിഗണിക്കപ്പെടും. ഓരോ സ്ഥാനത്തേക്കുമുള്ള അര്‍ഹത സുതാര്യമായി ചര്‍ച്ച ചെയ്യപ്പെടും. എങ്കില്‍ ഇത് ഒരു നല്ല തുടക്കമാണ്. ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അക്കാദമിക് കൗണ്‍സിലിലും ഉള്‍പ്പെടെ ആരൊക്കെ എങ്ങനെയൊക്കെ എത്തുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

അക്കാദമിക രംഗത്ത് പാഠ്യപദ്ധതിയിലും അക്കാദമിക അക്കാദമികേതര സമിതികളിലും ജാതിഹിന്ദുത്വത്തിന്റെ കടന്നുകയറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാലാ പാഠ്യപദ്ധതിയിലേക്ക് സവര്‍ക്കറും ഗോള്‍വാള്‍ക്കറുമൊക്കെ വളരെ എളുപ്പം കടന്നുകയറുന്നത് നാം കണ്ടു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ബുദ്ധിജീവികള്‍ അക്കാദമിക സമിതികളിലും സെമിനാര്‍ വേദികളിലും മുമ്പില്ലാത്തവിധം നിറഞ്ഞു തുടങ്ങിയിട്ടുണ്ട്. പൊതു ചടങ്ങുകളിലേക്ക് വരേണ്യ ശീലങ്ങളും ആചാരങ്ങളും നുഴഞ്ഞു കയറുന്നു. സവര്‍ണ മദ്ധ്യവര്‍ഗമാണ് പൊതുമണ്ഡലത്തിലെ സകല ഇടങ്ങളിലും സജീവമാകുന്നത്.

ഈ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ നോമിനേഷന്‍ തീരുമാനത്തിനെതിരായ സമരം സ്വാഗതം ചെയ്യപ്പെടണം. അതേ സമയം കരിങ്കൊടി പ്രകടനം പ്രതിഷേധ സമരമാണെന്ന ബോദ്ധ്യം പ്രതിപക്ഷ കക്ഷികളുടെ സമരത്തെ സംബന്ധിച്ച് എസ് എഫ് ഐക്കോ ഭരണകക്ഷിക്കോ തോന്നാത്തത് ഗുരുതരമായ ജനാധിപത്യ ബോധഭ്രംശമാണ്. തങ്ങള്‍ ചെയ്യുമ്പോള്‍ എവിടെയും എങ്ങനെയും ചാടി വീഴാം മറ്റു സംഘടനകള്‍ പ്രതിഷേധിക്കാനേ പാടില്ല, അത് ആത്മഹത്യാപരമാണ്, അടി ചോദിച്ചുവാങ്ങലാണ് എന്നൊക്കെ കരുതുന്നവര്‍ സമരസദാചാരത്തെ പറ്റിയും അജ്ഞരാണ്. തങ്ങളുടെ നേതാക്കള്‍ക്കെതിരെ പ്രതിഷേധം പാടില്ല, കരിങ്കൊടി പാടില്ല, ഗോ ബാക്ക് ബാനറുകള്‍ പാടില്ല, മറ്റുള്ളവര്‍ക്കെതിരെ ആവാം എന്ന സമീപനത്തിലെ ജനാധിപത്യ വിരുദ്ധതയും സങ്കുചിതത്വവും ഇടതു രാഷ്ട്രീയത്തിനു തീരെ ചേര്‍ന്നതല്ല.

കലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഹിന്ദുത്വ രാഷ്ട്രീയ ഫാഷിസം ഒരു കുളംകലക്കലാണ് സമര്‍ത്ഥമായി നിര്‍വ്വഹിച്ചിട്ടുള്ളത്. ഇതില്‍ മീന്‍ കിട്ടുമോ മുതല പിടിക്കുമോ എന്നൊന്നും ഗവര്‍ണര്‍ക്കു നോക്കേണ്ടതില്ല. കാരണം ഗവര്‍ണര്‍ നിയോഗിക്കപ്പെട്ടവനാണ്. അദ്ദേഹത്തിന്റെ ദൗത്യം ഏറെക്കുറെ തീരുകയാവണം.