പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ദമ്പതിമാര്‍ കീഴടങ്ങി

Wayanad

കല്പറ്റ: കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളായ ദമ്പതിമാര്‍ പൊലീസില്‍ കീഴടങ്ങി. പൂതാടി ചെറുകുന്ന് പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന(38) എന്നിവരാണ് ഇന്ന് രാവിലെ കേണിച്ചിറ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവര്‍ ഒളിവില്‍പോവുകയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്പറ്റ അഡീ. സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഒളിവിലായിരുന്ന ദമ്പതിമാര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 2020 മുതല്‍ 2023 വരെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒന്‍പതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പ്രചിത്തന്‍ പിഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പ്രചിത്തന്‍ തന്റെ വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും ഭാര്യ ഇതിനെല്ലാം കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു.