സ്‌കൂട്ടര്‍ മതിലിലിടിച്ച് യുവതി മരിച്ചു, അപകടത്തില്‍പ്പെട്ട് ഒരു മണിക്കൂറോളം കിടന്നിട്ടും ആരും കണ്ടില്ല

Pathanamthitta

പത്തനംതിട്ട: സ്‌കൂട്ടര്‍ കലുങ്കിന്റെ മതിലില്‍ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ചു. രാത്രി മണിക്കൂറുകളോളം കലുങ്കിനടിയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടന്ന മല്ലപ്പള്ളി മഞ്ഞത്താനം അരുണ്‍സ് കോട്ടേജില്‍ സിജി എം.ബിജി (25) യ്ക്കാണ് ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയാണ് സംഭവം. എന്നാല്‍ രാത്രി ഒരു മണിയോടെയാണ് അപകടം പുറത്തറിയുന്നത്.

മുട്ടുമണ്‍ചെറുകോല്‍പുഴ റോഡില്‍ പമ്പ ജലസേചന പദ്ധതിയുടെ നീര്‍പ്പാലത്തിനു സമീപമാണ് അപകടം. ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് സിജി. അരകിലോമീറ്റര്‍ അകലെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍നിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു പോയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. നീര്‍പ്പാലത്തിനു താഴെ റോഡിലുള്ള കലുങ്കില്‍ ഇടിച്ച ശേഷം സ്‌കൂട്ടറും യുവതിയും കലുങ്കിനടിയിലേക്കു വീഴുകയായിരുന്നു.

എന്നാല്‍ അപകട വിവരം ആരും അറിഞ്ഞില്ല. പുലര്‍ച്ചെ ഒരു മണിയോടെ ഇതുവഴി കാറില്‍ വന്നവരാണ് കലുങ്കിനോടു ചേര്‍ന്നു കാല്‍ ഉയര്‍ന്നുനില്‍ക്കുന്നതു കണ്ട് 108 ആംബുലന്‍സിനെ അറിയിച്ചത്. ഒന്നേകാലോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.