കല്പറ്റ: വയനാട്ടില്‍ രണ്ട് ദിവസമായി അലഞ്ഞു നടക്കുന്ന കരടിയെ മയക്കുവെടി വെച്ച് പിടിക്കാന്‍ തീരുമാനം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കരടി ഒളിച്ചിരിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നെല്‍പ്പാടത്തിനടുത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കരടിയെ പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചിരുന്നു. ഇവിടെ നിന്നും തോട്ടത്തിലേക്ക് രക്ഷപ്പെട്ട കരടിയെ മയക്കുവെടിവെച്ച് പിടിക്കാനാണ് തീരുമാനം.
കരടിയെ മയക്കുവെടി വെയ്ക്കാന്‍ പ്രത്യേക സംഘം മാനന്തവാടിയിലെത്തിയിട്ടുണ്ട്. രാത്രി വൈകിയതിനാല്‍ ബുധനാഴ്ച രാവിലെ വീണ്ടും കരടിക്കായുള്ള തിരച്ചില്‍ ആരംഭിക്കും. കരടിയെ ഞായറാഴ്ച പുലര്‍ച്ചെയാണ് പയ്യള്ളി മേഖലയില്‍ കണ്ടത്. അവിടെ ഒരു വിടിന്റെ സിസിടിവിയില്‍ കരടി പതിയുകയായിരുന്നു. പിന്നാലെ വള്ളിയൂര്‍ക്കാവിലും തോണിച്ചാലിലും കരടി എത്തുകയായിരുന്നു.