കൈവിരലില്‍ ചെയ്യേണ്ട ശസ്ത്രക്രിയ ചെയ്തത് നാവില്‍, കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വീണ്ടും ചികിത്സപ്പിഴവ്

Kerala

കോഴിക്കോട്: കൈവിരലില്‍ ചെയ്യേണ്ട ശസ്ത്രക്രിയ ചെയ്തത് നാവില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് വീണ്ടും ഗുരുതര ചികിത്സ പിഴവ് നടന്നത്. നാലുവയസുകാരിക്കാണ് കൈവിരലില്‍ ചെയ്യേണ്ട ശസ്ത്രക്രി നാവില്‍ ചെയ്തിരിക്കുന്നത്. ചെറുവണ്ണൂര്‍ മധുര ബസാറിലെ 4 വയസുകാരിയാണ് ചികിത്സപ്പിഴവിന് ഇരയായത്.

നാലുവയസുകാരിക്ക് ഇന്ന് രാവിലെ 9.30നാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗുരുതര ചികിത്സ പിഴവ് സംഭവിച്ചത്. കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനായാണ് കുടുംബം മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എത്തിയത്. ആറാം വിരല്‍ മുടിയില്‍ തട്ടിയും മറ്റും മുറിയുന്ന സാഹചര്യത്തില്‍ ആയിരുന്നു ഇത് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതുപ്രകാരമാണ് ഇവര്‍ ഒപിയില്‍ എത്തിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ നാവില്‍ പഞ്ഞി വെച്ച നിലയിലായിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെ തന്നെയുണ്ടായിരുന്നു. ചികിത്സ പിഴവ് വ്യക്തമായതോടെ ഡോക്ടര്‍ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു.

ചികിത്സ പിഴവിനെ പറ്റി പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്‌സിന്റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു. വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പറഞ്ഞ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോക്ടര്‍ അരുണ്‍ പ്രീത് ചികിത്സ പിഴവ് പുറത്തായതോടെ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോള്‍ നീക്കാന്‍ തീരുമാനിച്ചതാണെന്നുമാണ് പറഞ്ഞത്. കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കുന്നു. എന്നാല്‍ കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സപ്പിഴവ് തുടര്‍ക്കഥയാണ്. നിരവധി കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ വീണ്ടും അവയവം മാറിയുള്ള ശസ്ത്രക്രിയയുടെ വാര്‍ത്തയും പുറത്തുവന്നത്.