പാനൂര്‍: കൊവിഡ് നിയന്ത്രണത്തില്‍ ഞങ്ങളായിരുന്നു മുന്നില്‍ എന്നു കാണിക്കാന്‍ വേണ്ടി മുന്‍ ആരോഗ്യമന്ത്രി ഒളിച്ചുവെച്ച 28,000 മരണങ്ങള്‍ തങ്ങള്‍ പുറത്തുകൊണ്ടുവന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാനദണ്ഡപ്രകാരം രേഖപ്പെടുത്തേണ്ടിയിരുന്ന 28,000 മരണങ്ങള്‍ അന്നത്തെ ആരോഗ്യമന്ത്രി ഒളിച്ചുവച്ചു. പിആര്‍ ഏജന്‍സിയുടെ നിര്‍ദേശപ്രകാരം ആയിരിക്കാം ഇത്. എന്നാല്‍ തങ്ങളത് പുറത്തുകൊണ്ടുവന്ന് പിന്നീട് നിയമസഭയില്‍ ഉന്നയിച്ചു. ആരോഗ്യവകുപ്പിനു കീഴില്‍ അന്ന് വലിയ അഴിമതികള്‍ നടന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
എല്ലാ പിആര്‍ അഭ്യാസങ്ങളും കാണിച്ചിട്ടും മഹാരാഷ്ട്രയ്ക്കു പിറകില്‍ രണ്ടാം സ്ഥാനത്തായിരുന്നു കൊവിഡ് കണക്കില്‍ കേരളം. മഹാരാഷ്ട്രയില്‍ കേരളത്തിന്റെ നാലിരട്ടി ജനങ്ങളുണ്ട്. എന്നിട്ടാണ് ഇത്ര ഉയര്‍ന്ന സംഖ്യയിലേക്ക് എത്തിയത്. കേരളം കൊവിഡ് നിയന്ത്രണത്തില്‍ സമ്പൂര്‍ണ പരാജയമായിരുന്നു.
എന്നെ സമൂഹമാധ്യമങ്ങളില്‍ അവഹേളിച്ചതിന്റെ പേരില്‍ ഒന്‍പത് പരാതികള്‍ ഞാന്‍ നല്‍കി. സര്‍ക്കാര്‍ ഒരു കേസുപോലും എടുത്തില്ല. മോഡിക്കെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിച്ച ചെറുപ്പക്കാരനെതിരെ മോഡിയുടെ സല്‍പ്പേരിന് കളങ്കപ്പെടുത്തി എന്നു പറഞ്ഞു കേസെടുത്ത നാടാണിത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാനൂരില്‍ ബോംബ് പൊട്ടി. ആ ബോംബ് യുഡിഎഫുകാരെ കൊല്ലാന്‍ വേണ്ടിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ദിവസം ഞങ്ങളുടെ പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊന്നു. ഇത്തവണ ബോംബുണ്ടാക്കിയതും അതിനുതന്നെയാണ്. ആ ബോംബ് കൈയില്‍നിന്ന് പൊട്ടി. ഇപ്പോള്‍ നുണബോംബുമായി ഇറങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ്. കഴിഞ്ഞ മാസം അവര്‍ മുഖ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും ഉള്‍പ്പെടെ പരാതി കൊടുത്തു. മൂന്നാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം.
ഒരു സ്ത്രീയെയും അപമാനിക്കല്‍ യുഡിഎഫ് നയമല്ല. സിപിഎം ആണ് ഇത് സ്ഥിരമായി ചെയ്യുന്നത്. കെ.കെ രമയെ ആസ്ഥാന വിധവ എന്നു വിളിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെയോ അവരെ പിന്തുണച്ച വൃന്ദ കാരാട്ടിനെയോ കണ്ടിട്ടില്ല. ലതിക സുഭാഷിനെ അധിക്ഷേപിച്ചപ്പോള്‍ കണ്ടില്ല. മെഡിക്കല്‍ കോളെജില്‍ സര്‍ജറി ചെയ്തു കിടക്കുമ്പോള്‍ അപമാനിക്കപ്പെട്ട അതിജീവിതയെ വളഞ്ഞിട്ടാക്രമിക്കുകയാണ് ഇവര്‍. അപ്പോഴും സ്ഥാനാര്‍ഥിയെ കണ്ടില്ല. ചിത്രലേഖയുടെ ഓട്ടൊ കത്തിച്ചപ്പോഴും ഉമ തോമസിനെയും അരിതാ ബാബുവിനെയും ബിന്ദു കൃഷ്ണയെയും രമ്യ ഹരിദാസിനെയും അധിക്ഷേപിച്ചപ്പോഴൊന്നുമൊന്നും സ്ഥാനാര്‍ഥിയെ കണ്ടിട്ടില്ല.
എത്രയെത്ര വനിതാ മാധ്യമപ്രവര്‍ത്തകര്‍ അപമാനിക്കപ്പെട്ടു. അപ്പോഴൊന്നും സ്ഥാനാര്‍ഥിയെ കണ്ടിട്ടില്ല. സ്വന്തം പാര്‍ട്ടി ജില്ലാ സെക്രട്ടറി കിടക്കുമ്പോള്‍ കട്ടിലിനടിയില്‍ കാമറ വെക്കുന്ന സംസ്‌ക്കാരം ഞങ്ങള്‍ക്കില്ല. സ്ഥാനാര്‍ഥി ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് വലിയ അഴിമതി നടന്നിട്ടുണ്ട്. ഞങ്ങള്‍ ഈ വിഷയത്തില്‍ ലോകായുക്തയില്‍ കേസ് കൊടുത്തിട്ടുണ്ട്. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നു പറഞ്ഞ് അവര്‍ ഹൈക്കോടതിയില്‍ പോയപ്പോള്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും കേസ് നേരിടണമെന്നുമാണ് കോടതി പറഞ്ഞത്.
തൊഴിലുറപ്പു തൊഴിലാളികളെയും അംഗന്‍വാടി തൊഴിലാളികളെയും ഭീഷണിപ്പെടുത്തി പരിപാടികള്‍ക്ക് കൊണ്ടുവരുന്നു എന്ന് ആദ്യം പറഞ്ഞത് ഞാനാണ്. അതിന് എത്ര തെളിവുകള്‍ വേണമെങ്കിലും ഹാജരാക്കാന്‍ തയ്യാറാണ്. യുഡിഎഫ് പകടനത്തില്‍ പങ്കെടുത്തവര്‍ അവരെ ഭീഷണിപ്പെടുത്തി കൊണ്ടുവന്നവരല്ല എന്നാണു പറഞ്ഞത്. അവരെക്കുറിച്ച് ജയരാജന്‍ പറഞ്ഞത് വെണ്ണപ്പാളി സ്ത്രീകളുടെ സ്വീകരണത്തില്‍ മയങ്ങി എന്നാണ്. അപ്പോഴൊന്നും സ്ഥാനാര്‍ഥിയെ എവിടെയും കണ്ടില്ല.
എല്‍ഡിഎഫിന് അനുകൂല തരംഗമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന് ജനങ്ങളുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഒരു സീറ്റുപോലും കേരളത്തില്‍ സിപിഎമ്മോ ബിജെപിയോ നേടില്ല. 20ല്‍ 20ഉം യുഡിഎഫ് നേടും. ഇരു സര്‍ക്കാരുകള്‍ക്കും എതിരെയുള്ള അമര്‍ഷവും പ്രതിഷേധവും രോഷവുമെല്ലാം വോട്ടായി മാറും. യുഡിഎഫ് അനുകൂല തരംഗം സംസ്ഥാനത്തുണ്ട്. ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിക്കും അനുകൂലമാണ് കാര്യങ്ങളെന്ന് വി.ഡി സതീശന്‍ പറഞ്ഞു.