നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കല്പറ്റ: കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗോത്ര ക്ലബ്ബുകളെ അണിനിരത്തിക്കൊണ്ട് ലഹരിക്കെതിരെ കായിക ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ഫുട്‌ബോള്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രദേഴ്‌സ് കല്ലുവയലിനെ പരാജയപ്പെടുത്തി ഫ്യൂച്ചര്‍ ഓഫ് പീപ്പിള്‍ ചാമ്പ്യന്മാരായി.
പനമരം, മാനന്തവാടി, കല്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിങ്ങനെ നാല് ക്ലസ്റ്ററുകള്‍ ആയി തിരിച്ചു നാല്‍പ്പത്തി ഏഴ് ക്ലബ്ബുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും സമ്പന്നമായിരുന്നു. ഗോത്ര മേഖലയുടെ കായിക അഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ലഹരിക്കെതിരെ ഒന്നുചേരേണ്ടതിന്റെ ആവശ്യകതയെ ഉണര്‍ത്തുകയാണ് കുടുംബശ്രീ ഫുട്‌ബോള്‍ പ്രേമത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക നിര്‍വഹിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ പി വാസുപ്രദീപ് സ്വാഗതം പറഞ്ഞു. ഫൈനല്‍ മത്സരത്തില്‍ ടീമുകളെ സന്തോഷ് ട്രോഫി മുന്‍ കേരള ക്യാപ്റ്റന്‍ എന്‍ വി നെല്‍സനും വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം നാസറും പരിചയപ്പെട്ടു.
സമാപന ചടങ്ങില്‍ വെങ്ങപ്പള്ളി സി ഡി എസ് ചെയര്‍പേഴ്‌സണ്‍ നിഷ രാമചന്ദ്രന്‍, തരിയോട് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എന്‍ രാധ, വെങ്ങപ്പള്ളി സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബബിത ബി, ജില്ലാ പ്രോഗ്രാം മാനേജര്‍ ജയേഷ് വി, ബിജോയ് കെ ജെ, ഹുദൈഫ് പി, ബ്ലോക്ക് കോഡിനേറ്റര്‍മാരായ മഹിജ എം എസ്, സജിന കെ യു, ഓഫീസ് അസിസ്റ്റന്റ് ഫിറോസ് ബാബു, ഹരീഷ് പി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.