വൈദ്യുതവേലിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

Wayanad

സല്‍ത്താന്‍ ബത്തേരി: വൈദ്യുതവേലിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. പുല്‍പ്പള്ളി കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് ജീവന്‍ നഷ്ടമായത്. ഇവരുടെ വീടിനോടുചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതവേലി സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നുമാണ് ഷോക്കേറ്റത്.

ചെറിയ കുറ്റികള്‍ സ്ഥാപിച്ച് അതില്‍ നൂല്‍ക്കമ്പി കെട്ടിയാണ് വേലിയൊരുക്കിയിരുന്നത്. ഇതിലേക്ക് കെ.എസ്.ഇ.ബി.യുടെ വൈദ്യുതി നേരിട്ട് നല്‍കുകയാണ് ചെയ്തിരുന്നത്. ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസനും ഷോക്കേറ്റത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കൃഷിയിടത്തിലെ കുളത്തില്‍ മോട്ടോര്‍ സ്ഥാപിക്കുന്നതിനായാണ് ദമ്പതിമാര്‍ ഇവിടേക്കെത്തിയത്. നടക്കുന്നതിനിടെ വൈദ്യുതവേലി മറികടന്നപ്പോള്‍ അബദ്ധത്തില്‍ കാല്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. അനധികൃത വൈദ്യുതവേലിയില്‍ നിന്ന് ഷോക്കേറ്റതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.