തിരുവനന്തപുരം: നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ കവടിയാര്‍ കൊട്ടാരം സന്ദര്‍ശിക്കുകയും പത്മശ്രീ പുരസ്‌കാര ജേതാവ് ഹെര്‍ ഹൈനസ് റാണി ഗൗരി ലക്ഷ്മിഭായിയുമായും പ്രിന്‍സ് ആദിത്യ വര്‍മ്മയുമായും സംവദിച്ചു. നാഷണല്‍ കോളേജിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം കവടിയാര്‍ കൊട്ടാരം സന്ദര്‍ശിക്കുകയും പുതിയ തലമുറയ്ക്ക് അന്യമായ രാജഭരണത്തെയും രാജഭരണ കാലഘട്ടത്തെക്കുറിച്ചും അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും രാജകുടുംബാംഗങ്ങളുടെ പഠനത്തെകുറിച്ചും വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സ് ആദിത്യ വര്‍മ്മയും റാണി ഗൗരി ലക്ഷ്മി ഭായിയും വിവരിച്ചു കൊടുത്തു.
കവടിയാര്‍ കൊട്ടാരത്തില്‍ പത്മശ്രീ പുരസ്‌കാരം എത്തിച്ച പത്മശ്രീ പുരസ്‌കാര ജേതാവ് ഹെര്‍ ഹൈനസ് റാണി ലക്ഷ്മി ബായിയെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആദരിക്കുകയും രാജകുടുംബത്തില്‍ ആദ്യമായി എത്തിയ രാഷ്ട്ര പുരസ്‌കാരത്തിന് പുതിയ തലമുറയുടെ സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്തു.
കുട്ടികളുമായി രാജകുടുംബാംഗങ്ങള്‍ ഒട്ടേറെ നേരം സംസാരിക്കുകയും വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു. ജനാധിപത്യ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായ രാജഭരണത്തെക്കുറിച്ച് രാജകുടുംബാംഗങ്ങളില്‍ നിന്നും നേരിട്ട് മനസ്സിലാക്കാന്‍ ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചു.
നാഷണല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ് എ ഷാജഹാന്റെ നേതൃത്വത്തില്‍ വിവിധ പഠന വകുപ്പുകളെ പ്രതിനിധീകരിച്ച് ഫാജിസ ബീവി, ജസ്റ്റിന്‍ ഡാനിയേല്‍, ഡോ. ആല്‍വിന്‍, ഡോ. അനിത, രാഖി, രോഷ്‌നി, ഷിബിത, ദീപ സയന, സുരേഷ് കുമാര്‍ എസ് എന്‍, മുഹമ്മദ് ശരീഫ്, റിയാസ് എം എന്നിവരും വിവിധ പഠന വകുപ്പുകളിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.