ഡോ അഭിരാമിയുടെ മരണത്തില്‍ ദുരൂഹത, വിശദമായ അന്വേഷണത്തിന് പൊലീസ്

Thiruvananthapuram

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതകളേറെ. മെഡിക്കല്‍ കോളേജിലെ സീനിയര്‍ റസിഡന്റ് ഡോക്ടറാണ് അഭിരാമി ബാലകൃഷ്ണന്‍ (30). പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കും.

ഇതിനിടെ കോളേജില്‍ അഭിരാമിക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇത് പൊലീസ് പുറത്തു വിട്ടിട്ടില്ല. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഉള്ളൂര്‍ പി.ടി.ചാക്കോ നഗറിലെ ഫ്ളാറ്റില്‍ അഭിരാമിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടത്.

അമിതയളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആറു മാസം മുന്‍പായിരുന്നു കൊല്ലം രാമന്‍കുളങ്ങര സ്വദേശി ഡോ. പ്രതീഷുമായി അഭിരാമിയുടെ വിവാഹം നടന്നത്. പ്രതീഷ് മുംബൈ ഇ.എസ്ഐ. ആശുപത്രിയില്‍ ഡോക്ടറാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപും മെഡിക്കല്‍ കോളേജില്‍ നിന്നും എംഡി പഠനം പൂര്‍ത്തിയാക്കിയ ശേഷം ബോണ്ട് നിബന്ധന പ്രകാരം ജോലി നോക്കുകയായിരുന്നു അഭിരാമി.

കഴിഞ്ഞ ഡിസംബറില്‍ പി.ജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്ന ആത്മഹത്യ ചെയ്തിരുന്നു. ഡോ.അഭിരാമിയുടെ മരണം കൂടിയായതോടെ മെഡിക്കല്‍ കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഞെട്ടലിലാണ്. തിങ്കളാഴ്ച രാത്രിയും കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്നലെ റൂമിലെ സഹ താമസക്കാരി എത്തിയപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധയില്‍പ്പെട്ടത്. തട്ടി വിളിച്ചിട്ടും മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വീട്ടുടമസ്ഥരെ വിളിച്ചുവരുത്തി വാതില്‍ പൊളിച്ച് കയറിയപ്പോഴാണ് അഭിരാമിയെ കട്ടിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

അഭിരാമി ഇന്നലെ ഉച്ചയ്ക്ക് ശേഷവും തന്നോട് ഫോണില്‍ സംസാരിച്ചിരുന്നെന്ന് പിതാവ് ബാലകൃഷ്ണന്‍ പറഞ്ഞു. കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ വൈകിട്ട് പോകുമെന്നാണ് പറഞ്ഞത്. അജ്ഞാത രാസപദാര്‍ത്ഥം അനസ്‌തേഷ്യ മരുന്ന് ആണോയെന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അറിയാന്‍ കഴിയുകയുള്ളൂ. അസ്തേഷ്യ മരുന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ എങ്ങനെ സംഘടിപ്പിക്കുന്നുവെന്നത് അടക്കം ചര്‍ച്ചകളില്‍ എത്തും. വെള്ളനാട് ഭഗവതിക്ഷേത്രത്തിനു സമീപം അഭിരാമത്തില്‍ മുന്‍ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ് അഭിരാമി.