കോഴിക്കോട്: കേരളത്തില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന വിശ്വാസികളോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിലും ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹിയും പ്രസ്താവനയില്‍ പറഞ്ഞു. കൊച്ചിയിലെയും കണ്ണൂരിലെയും എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും 85,000 രൂപയ്ക്ക് പുറപ്പെടുമ്പോള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ ഇന്ത്യ വാങ്ങുന്നത് 165000 രൂപയാണ്.
കുറഞ്ഞ നിരക്കില്‍ കൊണ്ടുപോകാന്‍ തയ്യാറായ സൗദി എയര്‍ലൈന്‍സിനെ അടക്കം മാറ്റി നിര്‍ത്തി കൊണ്ടാണ് ആഗോള ടെന്‍ഡറിന്റെ പേരില്‍ എയര്‍ ഇന്ത്യക്ക് ഇത് ഏല്‍പ്പിച്ചു കൊടുത്തത്. വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കര്‍മ്മം നിര്‍വഹിക്കാന്‍ പുറപ്പെടുന്നവരോട് കാണിക്കുന്ന ഈ സമീപനത്തോട് ശക്തമായ പ്രതിഷേധം മലയാളി സമൂഹം രേഖപ്പെടുത്തണം.
ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള അപാകതയെ കുറിച്ച് ചോദ്യമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരോട് നിങ്ങള്‍ വിമാനം കൊണ്ടു വരൂ എന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുന്നത് എത്രമാത്രം പരിഹാസ്യമാണ്. തങ്ങളുടെ കഴിവുകേടുകള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പരിഹാസങ്ങള്‍. കേരളത്തില്‍ നിന്നുള്ള 80% ഹാജിമാരും പുറപ്പെടുന്ന കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.