ലാല്‍ജി ജോര്‍ജ്ജിന്‍റെ ‘ഋതം’ ഫെബ്രുവരി രണ്ടിന് റിലീസ്

Cinema

കഥയെഴുത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിട്ട സാഹിത്യകാരനായ ചലച്ചിത്ര സംവിധായകനാണ് ലാല്‍ജി ജോര്‍ജ്. മതങ്ങള്‍ക്കതീതമായി മനുഷ്യനെ സ്‌നേഹിക്കൂ’ എന്ന പ്രപഞ്ചസത്യത്തെ, ദൃശ്യവല്‍ക്കരിച്ചുകൊണ്ട്, ‘ഋതം’ (beyond thet ruth) എന്ന ചലച്ചിത്ര കാവ്യവുമായി വീണ്ടും എത്തുകയാണ്.

ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ‘ചിതറിയവര്‍’ നിരവധി ചലച്ചിത്രമേളകളില്‍ പങ്കെടുത്ത് പ്രശസ്തി നേടിയിരുന്നു. ഇഫ്താഹ് ആണ് മറ്റൊരു ചിത്രം.

സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യഹൃദയങ്ങളുടെ, വികാര വിക്ഷോഭ ങ്ങളുടെയും, അന്ത:സംഘര്‍ഷ ങ്ങളുടെയും തനിമ ഒട്ടും ചോര്‍ന്നു പോകാതെ, അതിമനോഹരമായി നെയ്‌തെടുത്ത ‘ഋതം’ ഫെബ്രുവരി രണ്ടിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.

മതങ്ങള്‍ക്കതീതമായി മനുഷ്യനെ സ്‌നേഹിക്കുന്ന, സ്‌നേഹിക്കപ്പെടുന്ന ഏതൊരാളും കണ്ടിരിക്കേണ്ട അതി മനോഹരമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന, ഒരു നല്ല ചലച്ചിത്ര ആവിഷ്‌ക്കാരം എന്നാണ് സംവിധായകന്‍ ലാല്‍ജി ജോര്‍ജ് അവകാശപ്പെടുന്നത്.

ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ഡോ.ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരും സംവിധായകനായ ലാല്‍ജി ജോര്‍ജ്ജിനൊപ്പം ചിത്രത്തിന്റെ പ്രീറിലീസ് പ്രസ്സ്മീറ്റില്‍ പങ്കെടുത്തു. ചിറയിന്‍കീഴ്, കൊട്ടാരക്കര എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അതി സങ്കീര്‍ണമായ വൈകാരിക സംഘര്‍ഷങ്ങളനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ സ്‌നേഹത്തിന്റെയും, വേദനയുടെയും കഥയാണ്.

മത സൗഹൃദത്തിന്റെ വിലയും തീവ്ര പ്രണയത്തിന്റെ ഭാവുകത്വവും ഇട കലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന്‍ ഈ ചിത്രത്തിന് കഴിയുമെന്ന് നടന്‍ ഡോ. ഷാജു വിലയിരുത്തുന്നു. അനുഗ്രഹീത കലാകാരന്റെ കൈയൊപ്പ് പതിഞ്ഞ സ്‌നേഹാമൃതം, അതാണ് നമ്മുടെ ‘ഋതം’ എന്ന് നായികയായ സോണിയ മല്‍ഹാര്‍.

മാജിക് ലാന്റേണ്‍ മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനായി ഹാരിസണ്‍ ലൂക് ഛായാഗ്രഹണവും ദിനേശ് ദിനു എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ഗാനരചന രാജേഷ് അറപ്പുര, സംഗീതം ഗോപന്‍ സാഗരി, ആലാപനം ജോസ് സാഗര്‍, പശ്ചാത്തല സംഗീതം നല്‍കിയത് ഷമല്‍ രാജ് ആണ്.

മേക്കപ്പ് ഷാ പുനലൂര്‍, ജിജൊ, ജോജോ, വസ്ത്രാലങ്കാരം അശോകന്‍ കൊട്ടാരക്കര, കലാ സംവിധാനം അനില്‍ ശ്രീരാഗം, രതീഷ് പറവൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബിജു ചക്കുവരക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഗോകുലം തുളസീധരന്‍, സൗണ്ട് ഡിസൈന്‍& മിക്‌സിങ് ആനന്ദ് ബാബു, കളറിസ്‌റ് സജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.