ബംഗളൂരു: സംശയത്തെ തുടര്‍ന്ന് യുവതിയെ പന്ത്രണ്ട് വര്‍ഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍. മൈസുരുവിലെ ഹിരേഗെ ഗ്രാമത്തിലാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പൊലീസാണ് യുവതിയെ രക്ഷപ്പെടുത്തുകയും ഭര്‍ത്താവ് സന്നലയ്യയെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
പന്ത്രണ്ട് വര്‍ഷമായി ഭാര്യ സുമയെ ഇയാള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. സുമയ ഇയാളുടെ മൂന്നാമത്തെ ഭാര്യയാണെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ തന്നെ യുവതിയെ ഇയാള്‍ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടിരുന്നതായും ഇയാളുടെ പീഡനം സഹിക്കവയ്യാതെ ആദ്യ രണ്ടുഭാര്യമാരും ഇയാളെ ഉപേക്ഷിച്ച് പോയതായും പൊലീസ് പറഞ്ഞു. മൂന്ന് പൂട്ടുകളിട്ട് വാതില്‍ പൂട്ടിയ ഭര്‍ത്താവ് ആരോടും സംസാരിക്കരുതെന്ന് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.
യുവതിയുടെ ഒരു ബന്ധുവാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസും സാമുഹിക പ്രവര്‍ത്തകരും വീട്ടിലെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. മുറിയില്‍ നിന്ന് പുറത്തിറങ്ങാനോ, ആരെങ്കിലുമായി സംസാരിക്കുകയോ ചെയ്താല്‍ ഉപദ്രവിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നു.