കല്പറ്റ: ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ സേവനത്തിനായി എത്തുമ്പോള്‍ മിക്ക വില്ലേജുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. ഇതുകാരണം പൊതുജനം ഏറെ പ്രയാസപ്പെടുകയാണ്. നികുതിയടക്കുന്നതിനും മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനും കൈവശ രേഖ, പട്ടയം തുടങ്ങിയവ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ക്ക് ഒട്ടേറെ തവണ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ഗതികേടിലാണ് പൊതുജനം. സര്‍ക്കാറിന്റെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.
ജില്ലാആസ്ഥാനമായ കല്പറ്റ വില്ലേജ് ഓഫീസ് ഉള്‍പ്പെടെ ജില്ലയിലെ ഒട്ടുമിക്ക വില്ലേജിലും ഇതുതന്നെയാണ് അവസ്ഥ. വില്ലേജ് ഓഫീസുകള്‍ നവീകരിച്ച് ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തുക മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. പൊതുജന സേവനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ കൂടി നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനമായ കല്പറ്റയിലെ ജീവനക്കാരെ നിയമവിരുദ്ധമായി സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിച്ച് ജില്ലാ ആസ്ഥാനത്തെ കസബ വില്ലേജ് ആയ കല്പറ്റയില്‍ മുഴുവന്‍ ജീവനക്കാരെയും നിയമിക്കണം.
ഗുഡലായ് കുന്നിലെ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭ്യമാക്കി മുഴുവന്‍ ഭൂമി പ്രശ്‌നങ്ങളും പരിഹരിക്കണം. ജനപക്ഷത്തു നിന്ന് നന്നായി ജോലിചെയ്യുന്ന ജീവനക്കാര ഭരണാനുകൂല സംഘടനകളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി സ്ഥലം മാറ്റി പൊതു ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ക്രമവിരുദ്ധ സ്ഥലം മാറ്റങ്ങള്‍ നടത്തുന്ന നടപടിയില്‍ നിന്നും ഭരണകൂടം പിന്തിരിയണമെന്നും അല്ലാത്ത പക്ഷം യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് കല്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിന്‍ അധ്യക്ഷനായിരുന്നു. നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, സുനീര്‍ ഇത്തിക്കല്‍ പ്രതാപ് കല്പറ്റ, അര്‍ജുന്‍ ദാസ്, ഷൈജല്‍ ബൈപ്പാസ്, ഷനൂബ് എം വി, ഷബീര്‍ പുത്തൂര്‍വയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.