സ്റ്റേഡിയം നവീകരണം: മാണി സി കാപ്പന് അഭിനന്ദനം

Kottayam

പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക പാലാ നഗരസഭാ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരിക്കുന്നതിന് തുക അനുവദിക്കാൻ സർക്കാരിൽ നിരന്തര സമർദ്ദം ചെലുത്തിയ മാണി സി കാപ്പൻ എം എൽ എ യെ സ്പോർട്ട്സ് ലവേഴ്സ് ഫോറം അഭിനന്ദിച്ചു. പാലായിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും അഭ്യർത്ഥന മാനിച്ച് മുൻ അന്തർദ്ദേശീയ വോളിബോൾ താരം കൂടിയായ മാണി സി കാപ്പൻ ഇതിനായി  നിരന്തരമായ സമ്മർദ്ദം ചെലുത്തി. പലതവണ മുഖ്യമന്ത്രി, ധനമന്ത്രി, കായികമന്ത്രി എന്നിവരെ നേരിൽ കണ്ട് സിന്തറ്റിക് ട്രാക്കിൻ്റെ ശോച്യാവസ്ഥ ബോധ്യപ്പെടുത്തി. നിയമസഭയിലും ഇക്കാര്യം ഉന്നയിച്ചിരുന്നു.

പ്രളയത്തെത്തുടർന്നു ഏതാണ്ട് പൂർണ്ണമായി തകർന്ന നിലയിലായിരുന്നു സിന്തറ്റിക് ട്രാക്ക്. നിരവധി സംസ്ഥാനമേളകൾ ഉൾപ്പെടെ നടത്തി വരുന്ന സ്റ്റേഡിയത്തിലെ ട്രാക്കിൻ്റെ കേടുപാടുകൾ മേളകളെ പ്രതികൂലമായി ബാധിച്ചിരുന്നു. വളരെ ദയനീയമായ സ്ഥിതിയിലായിരുന്നു സ് സ്റ്റേഡിയം.

നവകേരള സദസ്സുമായി ബന്ധപ്പെട്ടു സ്റ്റേഡിയത്തിൽ എത്തിയ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സിന്തറ്റിക് ട്രാക്കിൻ്റെ ദയനീയാവസ്ഥ നേരിൽ ബോധ്യപ്പെടാനും സാധിച്ചിരുന്നു. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നവീകരിക്കുന്നതിന് ഏഴു കോടി രൂപ അനുവദിച്ച മുഖ്യമന്ത്രി, ധനമന്ത്രി, കായികമന്ത്രി, മാണി സി കാപ്പൻ എം എൽ എ എന്നിവരെ സ്പോർട്ട്സ് ലവേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു. പ്രസിഡൻ്റ് ബേബി ജോസഫ് അധ്യക്ഷത വഹിച്ചു. കേരളാ ഡെമോക്രാറ്റിക് പാർട്ടി പാലാ നിയോജകമണ്ഡലം കമ്മിറ്റിയും മാണി സി കാപ്പനെ അനുമോദിച്ചു. എം പി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു.