വട്ടിയൂര്‍ക്കാവ് ശ്രീ ബാല വിഘ്നേശ്വര മഹാഗണപതി ക്ഷേത്രത്തില്‍ ഓംകാര മണ്ഡപ സമര്‍പ്പണവും ധന്വന്തരി പ്രതിഷ്ഠാ കര്‍മവും നടത്തി

Thiruvananthapuram

തിരുവനന്തപുരം: നഗരത്തിലെ പ്രസിദ്ധ ഗണപതി ക്ഷേത്രമായ വട്ടിയൂര്‍ക്കാവ് ശ്രീ ബാല വിഘ്നേശ്വര മഹാഗണപതി ക്ഷേത്രത്തിലെ ഓംകാര മണ്ഡപ സമര്‍പ്പണവും ധന്വന്തരിമൂര്‍ത്തി പ്രതിഷ്ഠാകര്‍മവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ക്ഷേത്ര പരിപാലകന്‍ മണികണ്ഠസ്വാമിയുടെ ആത്മീയ ഗുരുവുമായ ശ്രീ എം. നന്ദകുമാര്‍ നിര്‍വ്വഹിച്ചു.

ക്ഷേത്രത്തിലെ ശാസ്ത്രാധിഷ്ഠിത ആത്മീയ കേന്ദ്രമായ സിഎസ്എസ്ആര്‍ (സെന്‍റര്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് സ്പിരിച്വല്‍ റേഡിയന്‍സ്) മണ്ഡപത്തിലാണ് ധന്വന്തരി പ്രതിഷ്ഠയും ഭക്തര്‍ക്ക് ഏകാഗ്രമായി ധ്യാനിക്കാന്‍ ഉദ്ദേശിച്ചുള്ള ഓംകാര മണ്ഡപവും (ഗുഹാ ക്ഷേത്രം) സ്ഥാപിച്ചിരിക്കുന്നത്. രാവിലെ 6.00 മുതല്‍ 11.00 വരെയും വൈകിട്ട് 6.30 മുതല്‍ രാത്രി 8.00 വരെയും ഭക്തര്‍ക്ക് ഗുഹാ ക്ഷേത്രത്തില്‍ ധ്യാനിക്കാന്‍ സൗകര്യമുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യയിലെ തന്നെ വളരെ പത്യേകതകള്‍ നിറഞ്ഞ ഗണപതി ക്ഷേത്രമാണ് വട്ടിയൂര്‍ക്കാവ് ശ്രീ ബാല വിഘ്നേശ്വര മഹാഗണപതി ക്ഷേത്രം. ബാല ഗണപതി, വിഘ്നേശ്വരന്‍, മഹാഗണപതി എന്നീ ഗണേശ ഭാവങ്ങളുടെ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലേത്. ബാല വിഘ്നേശ്വര മഹാഗണപതിയുടെ കല്‍ക്കി അവതാര രൂപമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശാസ്ത്രീയ അടിത്തറയിലൂന്നിയ ആത്മീയ പ്രവര്‍ത്തനം ലക്ഷ്യമാക്കി സ്ഥാപിച്ച സിഎസ്എസ്ആര്‍ മണ്ഡപവും ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്.

രോഗനിവാരണം, മനഃശാന്തി, ജീവിത പ്രശ്ന നിവാരണം, ഉദ്ധിഷ്ടകാര്യസിദ്ധി എന്നിവയ്ക്കുള്ള പൂജകളാണ് ക്ഷേത്രത്തില്‍ പ്രധാനം. ജാതിമത ഭാഷാ ഭേദമെന്യേ ഭക്തര്‍ക്ക് പ്രവേശിക്കാം എന്ന പ്രത്യേകതയുമുണ്ട്. ഗണേശ ചതുര്‍ത്ഥി അടക്കമുള്ള വിശേഷ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ഇല അട പൊങ്കാല, ദീപാലങ്കാരം, പുഷ്പാലങ്കാരം എന്നിവ ഉണ്ടാകും.