ആദ്യ ക്രിക്കറ്റ് തീം റിസോർട്ട് “ലോർഡ്സ് 83” ഫെബ്രുവരി 14ന് കപിൽ ദേവ് ഉദ്ഘാടനം ചെയ്യും

Wayanad

കൽപ്പറ്റ: ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് തീം റിസോർട്ടായ ലോർഡ്‌സ് 83 ഫെബ്രുവരി 14-ന് വൈകിട്ട് അഞ്ച് മണിക്ക് കപിൽദേവ്ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടർ റിസ്വാൻ ഷിറാസ്, ചെയർമാൻ നിഷിൻ തസ്‌ലിം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിലെ പ്രശസ്തമായ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലോർഡ്‌സ് 83, 1983ൽ നടന്ന ക്രിക്കറ്റ് ലോക കപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ സ്മാരകം കൂടിയാണ്. വയനാടൻ വിനോദസഞ്ചാര രംഗത്തെ പ്രമുഖരായ മോരിക്കാപ്പ് ഗ്രൂപ്പിന്റെ രണ്ടാമത്തെ റിസോർട്ട് ആയ ‘ലോർഡ്സ് 83’ നിർമിച്ചിരിക്കുന്നത് ലോർഡ്സ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ മാതൃകയിലാണ്.

1983 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന്റെ സാന്നിധ്യമാണ് റിസോർട്ട് ഉദ്ഘാടനത്തിൻ്റെ പ്രധാന പ്രത്യേകത.
ഈ പുതിയ സംരംഭത്തിലൂടെ, വയനാടിൻ്റെ പ്രകൃതിസൗന്ദര്യത്തിൻ്റെ ശാന്തതയുമായി ക്രിക്കറ്റിൻ്റെ ആകർഷണീയത ലയിപ്പിക്കാനും അതിഥികൾക്ക് അന്താരാഷ്‌ട്രതല അനുഭവം നൽകാനും മോരിക്കാപ്പ് ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ഇന്ത്യയുടെ സമ്പന്നമായ ക്രിക്കറ്റ് പൈതൃകത്തെ ഓർമിപ്പിക്കും വിധം അത്യാധുനികവും ആഡംബരപൂർണവുമായ താമസസൗകര്യങ്ങൾ റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്. ‘ലോർഡ്സ് 83’, ക്രിക്കറ്റ് പ്രേമികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.കൂടാതെ, ആഗോളതലത്തിൽ അറിയപ്പെടുന്ന അമേരിക്കൻ ഹോസ്പിറ്റാലിറ്റി ബ്രാൻഡായ വിൻഡാമുമായുള്ള ലോർഡ്‌സ് 83 യുടെ പങ്കാളിത്തം റിസോർട്ടിൻ്റെ പ്രശസ്തി വർദ്ധിപ്പിക്കുക മാത്രമല്ല അതിഥികൾക്ക് ലോകോത്തര ഹോസ്പിറ്റാലിറ്റി അനുഭവം ഉറപ്പുനൽകുകയും ചെയ്യുന്നു.

ഹോസ്പിറ്റാലിറ്റി മേഖലയിലെ ഈ സംരംഭങ്ങൾക്ക് പുറമേ, ജ്വല്ലറി മേഖലയിലും മോരിക്കാപ്പ് ഗ്രൂപ്പ് തങ്ങളുടെ കാര്യക്ഷമത തെളിയിച്ചു കഴിഞ്ഞു. ദുബായിലെ കരാമ സെൻ്ററിൽ നിഷ്ക ദി മോമെന്റസ് ജ്വല്ലറിയുടെ ആദ്യത്തെ സ്റ്റോർ നിലവിൽ ജനശ്രദ്ധ നേടി കഴിഞ്ഞു. യു.എ.ഇയിൽ തന്നെ ഉടൻ രണ്ടാമത്തെ സ്റ്റോർ തുറക്കുന്നതോടെ, മോറിക്കാപ്പ് ഗ്രൂപ്പ് ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയാണ്. വാർത്താ സമ്മേളനത്തിൽ എബി ക്യൂട്ടീവ് ഡയറക്ടർമാരായ
റോഷൻ ഫവാസ്, ഹമീം സി കെ എന്നിവരും പങ്കെടുത്തു.