പാലാ: പാലാ ഡിപ്പോയില്‍ നിന്നും തെങ്കാശിയിലേക്ക് പുതിയ അന്തര്‍ സംസ്ഥാന സര്‍വ്വീസിന് തുടക്കം. പുതിയ സര്‍വ്വീസ് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ എം എല്‍ എ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം കോയമ്പത്തൂരിലേക്കു അടുത്ത ദിവസം തന്നെ പുതിയ മറ്റൊരു സര്‍വ്വീസ് കൂടി തുടങ്ങുമെന്നും എം എല്‍ എ പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലന്മാരായ ജോസ് ഇടേട്ട്, ജിമ്മി ജോസഫ്, എ.ടി.ഒ.ഷിബു, സജി മഞ്ഞക്കടമ്പില്‍, ജയ്‌സണ്‍മാന്തോട്ടം, സാജന്‍ ആലക്കുളം, പ്രശാന്ത് നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലായില്‍ നിന്നും ആരംഭിക്കുന്ന രണ്ടാം തെങ്കാശി സര്‍വ്വീസാണിത്. പ്രഥമ സര്‍വ്വീസ് രാവിലെ 7 30 ന് പുറപ്പെടും. ഇന്നാരംഭിച്ച പുതിയ സര്‍വ്വീസ് ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറപ്പെടും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, പുനലൂര്‍, ചെങ്കോട്ട വഴി രാത്രി 8.55 ന് തെങ്കാശിയില്‍ എത്തും. തുടര്‍ന്ന് പിറ്റേന്ന് വെളുപ്പിന് 6.30ന് തെങ്കാശിയില്‍ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12.25 ന് തിരികെ പാലായില്‍ എത്തിച്ചേരും. 213 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.മാണി സി കാപ്പന്‍ എം എല്‍ എ യുടെ ശ്രമഫലമായിട്ടാണ് പുതിയ സര്‍വ്വീസിനു കെ എസ് ആര്‍ ടി സി തുടക്കമിട്ടത്.