ഭൂപ്രശ്‌നങ്ങളില്‍ പ്രഖ്യാപനങ്ങളല്ല നടപടികളാണ് വേണ്ടത്: അഡ്വ. വി സി സെബാസ്റ്റിയന്‍

Kottayam

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോട്ടയം: ഭൂപ്രശ്‌നങ്ങളില്‍ ഭരണനേതൃത്വങ്ങള്‍ നിരന്തരം നടത്തുന്ന പ്രഖ്യാപനങ്ങളില്‍ മലയോരജനതയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഭൂവിനിയോഗം, ഉടമസ്ഥാവകാശം, ക്രയവിക്രയം എന്നീ വിഷയങ്ങളില്‍ ജനദ്രോഹനിയമങ്ങള്‍ സൃഷ്ടിച്ച് അടിച്ചേല്‍പ്പിച്ചവര്‍ നിയമഭേദഗതി നടത്തുകയല്ല അത് റദ്ദ് ചെയ്യുകയാണ് വേണ്ടതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി തലമുറകള്‍ കൈമാറിയും, സ്വയം ആര്‍ജിച്ചും കൈവശംവച്ചനുഭവിക്കുന്ന ഭൂമിക്ക് ഉപാധിരഹിത പട്ടയം നല്‍കാതെ നിബന്ധനകള്‍ വെച്ചുള്ള മുടന്തന്‍ നിയമ, ചട്ട ഭേദഗതി പ്രഖ്യാപനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. ഒരു ജില്ലയ്ക്കു മാത്രമായി നിയമഭേദഗതിയെന്നതും വിരോധാഭാസമായി മാത്രമേ കാണാനാവൂ. 2019 ഓഗസ്റ്റ് 22ലെ നിര്‍മ്മാണ നിരോധന ഉത്തരവ് മറ്റൊരു രൂപത്തില്‍ നടപ്പിലാക്കാനുള്ള ഉദ്യോഗസ്ഥ, രാഷ്ട്രീയ തന്ത്രമാണ് ഉന്നതതല തീരുമാനം. ജനദ്രോഹ ഉത്തരവുകള്‍ പരിപൂര്‍ണ്ണമായി റദ്ദ് ചെയ്യാതെ വന്‍തുക പിഴ ഈടാക്കി ക്രമവല്‍ക്കരണ നടപടികള്‍ നടത്തുന്നത് ഉദ്യോഗസ്ഥ അഴിമതിയ്ക്കും ധാര്‍ഷ്ഠ്യത്തിനും ഇടനല്‍കും.

കോടതിവിധികളും ഉത്തരവുകളും നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമസഭയില്‍ നിയമസഭാസാമാജികരായ ജനപ്രതിനിധികളാണ്. ജനപ്രതിനിധികളുടെ ജനദ്രോഹസമീപനവും രാഷ്ട്രീയ ഉദ്യോഗസ്ഥ അടിമത്വവും വിദേശ കാര്‍ബണ്‍ ഫണ്ടിനായുള്ള കൃഷിഭൂമിയുടെ വനവല്‍ക്കരണ കച്ചവടവുമാണ് കേരളത്തില്‍ ഭൂപ്രശ്‌നങ്ങള്‍ ഇന്ന് ഏറെ സങ്കീര്‍ണ്ണമാക്കുന്നത്. ജനദ്രോഹഭൂനിയമങ്ങളില്‍ തിരുത്തലുകളല്ല ഇത്തരം നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ആര്‍ജവമാണ് ജനകീയ സര്‍ക്കാര്‍ കാണിക്കേണ്ടത്. പുത്തന്‍ പ്രഖ്യാപനങ്ങള്‍ നടത്തി മലയോരമേഖല ഇന്ന് നേരിടുന്ന ബഫര്‍സോണ്‍, പരിസ്ഥിതിലോല പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി അട്ടിമറിക്കാനും സര്‍ക്കാര്‍ ശ്രമിക്കരുതെന്നും വി.സി.സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *