മുജാഹിദ് സമ്മേളനം : വെളിച്ചം നഗരി നാളെ (വെള്ളി) മുതൽ സജ്ജീവമാകും

Malappuram

കരിപ്പൂർ ( വെളിച്ചം നഗർ ): മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കരിപ്പൂർ വെളിച്ചം നഗരി ഇന്നു (ഫെബ്രു 9 വെള്ളി ) മുതൽ പൂർണമായും പ്രവർത്തന ക്ഷമമാവും. വിജ്ഞാന വിസ്മയം തീർക്കുന്ന ‘ദി മെസേജ് സയൻസ് എക്സിബിഷൻ ഇന്ന് വൈകുന്നേരം 4:30 ന് എം. ഇ. എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എം. എൽ. എ മുഖ്യാതിഥിയാവും. ഡോ. മുബശ്ശിർ പാലത്ത് അധ്യക്ഷത വഹിക്കും.പ്രപഞ്ച വിസ്മയങ്ങളുടെ ചുരുളഴിക്കുന്ന ഈ പ്രദർശനം പത്ത് ദിവസം നീണ്ടുനിൽക്കും.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന ബുക് സ്റ്റാൾജിയ എന്ന മെഗാ പുസ്തകമേള വൈകു: 5:30 ന് പ്രമുഖ കഥാകാരൻ പി.കെ. പാറകടവ് ഉദ്ഘാടനം ചെയ്യും. യുവത ഡയരക്ടർ ഡോ. ഫുഖാർ അലി അധ്യക്ഷത വഹിക്കും. യുവത സി. ഇ.ഒ ഹാറൂൺ കക്കാട്, ഐ.എസ്. എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത് പ്രസംഗിക്കും.

മാലിന്യ മുക്ത, ആരോഗ്യ, ഹരിത , കാർഷിക കേരളം എന്ന പ്രമേയത്തിൽ മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്. എം കേരളയുടെ പരിസ്ഥിതി വിഭാഗമായ ബ്രദർനാറ്റ് ഒരുക്കുന്ന കാർഷികമേള രാവിലെ 10:30 ന് സംസ്ഥാന കൃഷി അസിസ്റ്റന്റ് ഡയരക് ടർ ടി.കെ. സൈഫുന്നീസ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പ്രൊഫ . എം ഹാറൂൺ അധ്യക്ഷത വഹിക്കും. ഡോ. റജുൽ ഷാനിഷ്, ഡോ. ലബീദ് നാലകത്ത് , യൂനുസ് നരിക്കുനി, ഡോ. യൂനുസ് ചെങ്ങര പ്രസംഗിക്കും. കാർഷിക മേള 18 വരെ തുടരും.

വിജ്ഞാനവും വിനോദവും ഒന്നിക്കുന്ന കിഡ്സ് പോർട്ട് നാളെ ( ഫെബ്രു: 10/ശനി ) മുതലാണ് പ്രവർത്തനമാരംഭിക്കുക. 5 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് മാത്രമായിരിക്കും കൗതുകം നിറച്ച കിഡ്സ് പോർട്ടിലേക്ക് പ്രവേശനം. വെളിച്ചം നഗരിയിൽ ഒരുക്കിയ മുഴുവൻ പരിപാടികളിലും പ്രവേശനം സൗജന്യമാണ്. തിരക്ക് കുറയ്ക്കാനായി എക്സിബിഷനും കിഡ്സ് പോർട്ടിനും ഓൺലൈൻ റജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

15 മുതൽ 18 വരെയാണ് വൻ ജനാവലി പങ്കെടുക്കുന്ന പ്രധാന സമ്മേളനങ്ങൾ നടക്കുന്നത്.