മാനന്തവാടി: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെയാണ് വയനാട് മാനന്തവാടിക്കടുത്ത് ഭീതി വിതച്ച് കാട്ടാന എത്തിയത്. അതിര്‍ത്തി മേഖലയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിലാണ് തമ്പടിച്ചത്. തുടര്‍ന്ന് വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത കാട്ടാന അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടമല സ്വദേശി അജിയാണ് മരിച്ചത്.
കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഇതിന് ആവശ്യമായ നടപടികള്‍ വനം വകുപ്പ് അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ആലോചന നടത്തിയ ശേഷം ആവശ്യമെങ്കില്‍ മാത്രം മയക്കുവെടി വയ്ക്കുന്നതാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മാനന്തവാടിയില്‍ തണ്ണീര്‍ കൊമ്പന്‍ ഇറങ്ങിയത്. ബന്ദിപ്പൂരിലേക്ക് മാറ്റിയ തണ്ണീര്‍ കൊമ്പന്‍ പിന്നീട് ചരിയുകയായിരുന്നു.