കാട്ടാന ജീവനെടുത്ത അജീഷിന്‍റെ മൃതദേഹവുമായി മാനന്തവാടിയില്‍ നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നു

Kerala

മാനന്തവാടി: കാട്ടാന ജീവനെടുത്ത അനീഷിന്റെ മൃതദേഹവുമായി മാനന്തവാടിയില്‍ നാട്ടുകാര്‍ പ്രതിഷേധം കനപ്പിക്കുന്നു. അജീഷിന്റെ മൃതദേഹവുമായിട്ടാണ് മാനന്തവാടി നഗര മധ്യത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. കോഴിക്കോട്, മൈസൂരു, തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. വയനാട് എസ് പിക്ക് നേരെയും പ്രതിഷേധമുയര്‍ന്നു. എസ് പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ ആശുപത്രിയിലേക്ക് നടന്നുപോകാനാവശ്യപ്പെടുകയും ചെയ്തു.

പടമലയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മാനന്തവാടി നഗസഭയിലെ 4 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസമേഖലയില്‍ ഇന്നലെ കാട്ടാനയിറങ്ങിയിരുന്നു. വിവരം അറിയിച്ചിട്ടും വനംവകുപ്പ് അനങ്ങിയില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടി ജി ജോണ്‍സണ്‍ പറഞ്ഞു. ആനയിറങ്ങിയ വിവരം ജനങ്ങളെ ഒരു അനൗണ്‍സ്‌മെന്റിലൂടെ പോലും വനംവകുപ്പ് അറിയിച്ചിരുന്നില്ല.