മധ്യപ്രദേശിൽ കോൺഗ്രസ്സിനെ തൂത്തെടുക്കാനൊരുങ്ങി ബി ജെ പി, മുൻ മുഖ്യമന്ത്രി കമൽനാഥ് ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം ശക്തം, കമൽനാഥുമായി ചർച്ച ചെയ്യാൻ പ്രിയങ്കാ ഗാന്ധി

Analysis

MP കത്ത്/ തയാറാക്കിയത് : ഭരത് കൈപ്പാറേടൻ

മധ്യപ്രദേശിൽ കോൺഗ്രസ്സിനെ തൂത്തെടുക്കാൻ ഒരുങ്ങി ബിജെപി. മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം ശക്തമായി. പരിഭ്രാന്തരായ കോൺഗ്രസ്സ് നേതൃത്വം കമൽനാഥുമായി അടിയന്തിരമായി ചർച്ച ചെയ്യാൻ പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തി.

മുഖ്യമന്ത്രി മോഹൻയാദവും മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉൾപ്പെടെ ബിജെപിയുടെ നിരവധി സംസ്ഥാന നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ കമൽ നാഥും BJP യുമായുള്ള ചർച്ചകൾ നേരത്തെ പാളം തെറ്റിയിരുന്നു.

എന്നാൽ അമിത് ഷാ വിഷയത്തിൽ നേരിട്ട് ഇടപെടുകയും കമൽനാഥിനെ പാർട്ടിയിലെടുക്കുന്നതിനെ എതിർക്കുന്നവർക്ക് താക്കീത് കൊടുക്കുകയും ചെയ്തു. ഇതോടെ ഈ നേതാക്കൾ ചുവടു മാറ്റി കമലിന്റെ വരവിനെ പിന്തുണച്ചു. ഇതാണ് ഇപ്പോൾ ചർച്ചകൾ വീണ്ടും ട്രാക്കിലേക്ക് എത്തിച്ചത്.

ഏപ്രിൽ 2 ന് സംസ്ഥാനത്തെ അഞ്ചു രാജ്യസഭാ സീറ്റുകൾ ഒഴിയുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നത് പ്രത്യേകം ശ്രദ്ധേയമാണ് .

ഇതിൽ നാലെണ്ണം ബിജെപിയുടെയും ഒന്ന് കോൺഗ്രസിന്റേതുമാണ്. കമൽനാഥിന് രാജ്യസഭാ സീറ്റും അദ്ദേഹത്തിൻ്റെ മകനും മധ്യപ്രദേശിലെ ഏക കോൺഗ്രസ് എംപിയുമായ നകുൽ നാഥിന് ചിന്ദ്വാരയിൽ നിന്നുള്ള ലോക്‌സഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവും നൽകാമെന്നാണ് BJP നൽകിയ ഓഫർ എന്നറിയുന്നു.

മുഖ്യമന്ത്രി മോഹൻയാദവ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരാൻ പോവുകയാണെന്ന വിവരം കേന്ദ്രനേതാക്കൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

1980 മുതൽ 2019 വരെ ഒമ്പത് തവണ കോൺഗ്രസ്സ് ടിക്കറ്റിൽ എംഎൽഎ ആയ നേതാവാണ് കമൽനാഥ് . ഫെബ്രുവരി 13ന് തൻ്റെ വസതിയിൽ ഒരുക്കിയിരിക്കുന്ന ഒരു വിരുന്നിൽ പങ്കെടുക്കാൻ നിലവിലുള്ള എല്ലാ കോൺഗ്രസ് എംഎൽഎമാരെയും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, കോൺഗ്രസ്സിന്റെ രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ വിവേക് ​​തൻഖ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. കമൽനാഥിൻ്റെ അടുത്ത അനുയായിയാണ് തൻഖ.

പ്രധാനപ്പെട്ട രണ്ട് കോൺഗ്രസ് നേതാക്കൾ – ജബൽപൂർ മേയർ ജഗത് ബഹദൂർ സിംഗും മധ്യപ്രദേശിലെ കോൺഗ്രസ് ലീഗൽ സെൽ മുൻ തലവൻ ശശാങ്ക് ശേഖറും ഇതിനകം ബിജെപിയിൽ ചേർന്നു കഴിഞ്ഞു.
ഇരുവരും വിവേക് ​​തൻഖയുമായി വളരെ അടുത്തു ബന്ധമുള്ളവരാണ്.

2022 ജൂണിൽ വിവേക് ​​തൻഖയെ രണ്ടാം വട്ടവും കോൺഗ്രസ്സ് രാജ്യസഭാ എംപിയാക്കിയിരുന്നു . അദ്ദേഹത്തിൻ്റെ കാലാവധി 2028 ജൂണിൽ അവസാനിക്കും.

കമൽനാഥ് ബിജെപിയിൽ ചേർന്നാൽ അദ്ദേഹത്തോടൊപ്പം വിവേക് ​​തൻഖയും പാർട്ടിവിടാൻ സാധ്യതയുണ്ട്.