കോണ്‍ഗ്രസ്സില്‍ നിര്‍ണായക നീക്കം: രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും

Analysis

രാജസ്ഥാന്‍ കത്ത് / ഡോ.കൈപ്പാറേടന്‍

രാജസ്ഥാനില്‍ പരസ്പരം ഏറ്റുമുട്ടലിലായിരുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും നിയമസഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നു പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടേയും സാന്നിദ്ധ്യത്തില്‍ AlCC ആസ്ഥാനത്തു നടത്തിയ 4 മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്കൊടുവിലാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനമുണ്ടായത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഗെലോട്ടും പൈലറ്റും പാര്‍ട്ടി ഉന്നതനേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ മുഖാമുഖം കാണുന്നത്. സംഘടനാ ചുമതലയുള്ള AlCC ജനറല്‍ സെക്രട്ടറി KC വേണുഗോപാലിന്റെ ഇടപെടലുകളാണ് മഞ്ഞുരുക്കത്തിനു വഴിയൊരുക്കിയത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ചേരിപ്പോര് പരിഹരിക്കപ്പെടുകയും ഇരുവരും എല്ലാം മറന്നു പരസ്പരം കൈ കൊടുക്കുകയും ചെയ്തതോടെ BJPയുടെ രാജസ്ഥാന്‍ മോഹം ഏതാണ്ട് അവസാനിച്ച മട്ടാണ്.

രാജസ്ഥാനില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള നേതാവ് സുഖ്ജിന്ദ്ര സിംഗ് രണ്‍ധാവയും യോഗത്തില്‍ പങ്കെടുത്തു.’ഞങ്ങള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചു. തീര്‍ച്ചയായും രാജസ്ഥാനിലെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിക്കും. ഇരു നേതാക്കളും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തോട് ഏകകണ്ഠമായി യോജിച്ചു,’ യോഗത്തിന് ശേഷം കെ സി വേണുഗോപാല്‍ പറഞ്ഞു. ഇരു നേതാക്കളേയും ഒരുമിച്ചു നിര്‍ത്താന്‍ പ്രിയങ്കാ ഗാന്ധി വെച്ച ഫോര്‍മുല ഗലോട്ട് ആദ്യമേ തന്നെ അംഗീകരിക്കുകയായിരുന്നുവെന്നാണ് സൂചന. 4 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ട് നേതാക്കളും പ്രിയങ്കയുടെ ഫോര്‍മുല അംഗീകരിച്ചുവെന്നറിയിച്ച വേണുഗോപാല്‍ ധാരണയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു. രണ്ടു നേതാക്കളും തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടിരിക്കുകയാണെന്ന് വേണുഗോപാല്‍ പറഞ്ഞു.

രജപുത്ര നേതാവും മുന്‍ BJP മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യയുടെ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് പൈലറ്റ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. BJP യുടെ സ്വാധീനത്തിലുള്ള രജ്പുത്ര വോട്ടുകള്‍ ലക്ഷ്യമിടുന്ന മുഖ്യമന്ത്രി ഗലോട്ട് ആകട്ടെ ഇക്കാര്യത്തില്‍ പക്ഷേ തന്ത്രപരമായ മൗനം പാലിച്ചു. ഇതില്‍ പ്രകോപിതനായ സച്ചിന്‍ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കാരെ രക്ഷിക്കുന്ന ഗെഹ്‌ലോട്ടിന്റെ ‘നിഷ്‌ക്രിയത്വ’ ത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ മുന്നറിയിപ്പ് അവഗണിച്ച് ഒരു ദിവസത്തെ നിരാഹാരവുമായി മുന്നോട്ട് പോയി.

രാഹുലും പ്രിയങ്കയുമായി ചെറിയ പ്രായത്തിലെ അടുപ്പം പുലര്‍ത്തിയിരുന്ന സച്ചിന്‍ ന്യായമായും തുടക്കം മുതലേ മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നു. 2018ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് PCC പ്രസിഡന്റായിരുന്ന സച്ചിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി. പ്രായവും ഭരണ പരിചയവും സ്വാധീനവും പരിഗണിച്ച് ഗാലോട്ടിനാണ് പാര്‍ട്ടി അവസരം നല്‍കിയത്. അശോക് ഗലോട്ട് തന്റെ സര്‍ക്കാര്‍ രൂപീകരിച്ച ദിവസം മുതല്‍ പൈലറ്റ് അധികാരത്തര്‍ക്കത്തിലായിരുന്നു. 2020ല്‍ ഗെഹ്‌ലോട്ടിനെതിരെ പരാജയപ്പെട്ട ഒരു വിമത നീക്കത്തിനു പോലും നേതൃത്വം നല്‍കാന്‍ പൈലറ്റ് ധൈര്യപ്പെട്ടു. ഇത് പാര്‍ട്ടിയെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്.

തുടര്‍ന്ന് ഒരു കാരണവശാലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരേ സമയം PCC പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായിരുന്ന സച്ചിനെ രാഹുല്‍ ഗാന്ധി ഇടപെട്ട് രണ്ടു സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തു. ഇന്നലെ തനിക്കു ഹൈക്കമാന്റില്‍ നിന്നു കിട്ടിയ നിര്‍ദ്ദശമനുസരിച്ച് വൈകിട്ട് ആറു മണിയോടെ AICC ഓഫീസിലെത്തിയ മുഖ്യമന്ത്രി ഗേലോട്ടുമായി നേതാക്കള്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു.

സച്ചിന്‍ പൈലറ്റ് രാത്രി 8.20 നാണ് എത്തിയത്. രാഹുലും ഖാര്‍ഗെയും പ്രിയങ്കയും പൈലറ്റിനൊപ്പം വേറെ ഇരുന്നു. രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയോടും വേണുഗോപാലിനോടും ഗെലോട്ടിനോടും മറ്റൊരു മുറിയില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. പൈലറ്റിന് നല്‍കാനുള്ള ഓഫര്‍ ആദ്യം ഗെലോട്ടുമായി ചര്‍ച്ച ചെയ്തിരുന്നു എന്നു വേണം ഇതില്‍ നിന്നു മനസ്സിലാക്കാന്‍. ഈ അവസാന ഘട്ടത്തില്‍ ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ സാധ്യമല്ലെന്ന കര്‍ശന നിലപാട് ഹൈക്കമാന്‍ഡ് സച്ചിനെ ധരിപ്പിച്ചു. സച്ചിന്‍ അതിനു വഴങ്ങിയതോടെ മഞ്ഞ് ഉരുകി. ഇതിനിടയില്‍ വിവരമറിഞ്ഞ് AICC ആസ്ഥാനത്തിനു മുമ്പില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഒരു പടതന്നെയെത്തി. അവിടെ കാത്തുനിന്നിരുന്ന പൈലറ്റിനോട് അടുപ്പമുള്ള രാജസ്ഥാനില്‍ നിന്നുള്ള നേതാക്കള്‍ ഗാന്ധി കുടുംബത്തെ സച്ചിന്‍ ഒരു സാഹചര്യത്തിലും ഒറ്റിക്കൊടുക്കില്ലെന്ന് ആണയിട്ടു പറയുകയും മറിച്ചുള്ള ഊഹാപോഹങ്ങള്‍ തള്ളിക്കളയുകയും ചെയ്യുന്നുണ്ടായിരുന്നു.